angamaly-suicide-attempt

അങ്കമാലി: കോടികൾ മുടക്കിയ തന്റെ സ്ഥാപനത്തിന് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി കണക്‌ഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് അങ്കമാലിയിൽ യുവ വ്യവസായിയുടെ ആത്മഹത്യാശ്രമം. ന്യൂഇയർ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. ലൈസൻസുള്ള തോക്കും വിഷവുമായി മരത്തിന് മുകളിൽ കയറിയിരിക്കുന്ന വ്യവസായിയെ താഴെയിറക്കാൻ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ജില്ലാ കളക്‌ടർ സ്ഥലത്തെത്തി തനിക്ക് ഉറപ്പ് തരാതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് പ്രസാദ്.

രണ്ട് വർഷം മുമ്പാണ് വിദേശത്തേക്ക് തേയില കയറ്റി അയക്കുന്നതിന് അങ്കമാലിയിൽ ന്യൂഇയർ എക്സ്‌പോർട്ടേഴ്സ് എന്ന സ്ഥാപനം പ്രസാദ് തുടങ്ങുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി അധികൃതർ സ്ഥാപനത്തിന് ഇതുവരെ വൈദ്യുതി കണക്‌ഷൻ നൽകിയില്ല. കോടികൾ മുടക്കിയ സ്ഥാപനത്തിന് വൈദ്യുതി ലഭിക്കാത്തതിൽ പ്രസാദ് മാനസിക വിഷമത്തിൽ ആയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തുടർന്ന് കഴിഞ്ഞ 110 ദിവസമായി പ്രസാദ് അങ്കമാലി കരുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സമരം നടത്തി വരികയായിരുന്നു. ഇതിലും സർക്കാർ തലത്തിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രസാദ് ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതെന്നാണ് വിവരം.