മലയാള സിനിമാ സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മുപ്പതിന് തൃശൂരിൽ വച്ചായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഏറെ നാളായി അർബുദ രോഗവുമായി ചികിത്സയിൽ കഴിയുകയായിരുന്നു ബാബു നാരായണൻ. നടി ശ്രവണ മകളാണ്.അനിൽ ബാബു എന്ന സംവിധായക ദ്വന്ദ്വത്തിന്റെ ഭാഗമായിരുന്ന ബാബു സഹസംവിധായകനായ അനിലിനൊപ്പം മൊത്തം 24 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹരിഹരന്റെ സംവിധാന സഹായിയായാണ് ബാബു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
'അനഘ'യാണ് ബാബു നാരായണൻ സ്വന്തമായി സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് 'പൊന്നരഞ്ഞാണം' എന്ന ചിത്രവും സംവിധാനം ചെയ്തു. ഈ സിനിമയ്ക്ക് ശേഷമാണ് ബാബു അനിലുമായി ഒത്തുചേർന്ന് സിനിമ സംവിധാനം ചെയ്യാൻ ആരംഭിച്ചത്. 1992ൽ ജഗദീഷ്, സിദ്ധിഖ് എന്നിവർ നായകന്മാരായ 'മാന്ത്രികച്ചെപ്പ്' ഈ ജോഡി ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്ത്രീധനം, കുടുംബവിശേഷം, പട്ടാഭിഷേകം, കളിയൂഞ്ഞാൽ, അരമന വീടും അഞ്ഞൂറേക്കറും, പകൽപ്പൂരം, ജയറാം നായകനായ 'ഉത്തമൻ' എന്നീ ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.
2004ൽ 'പറയാം' എന്ന ചിത്രത്തിന് ശേഷം ഏറെ നാൾ ബാബു നാരായണൻ സിനിമാരംഗത്തുനിന്നും വിട്ടുനിന്നു. എന്നാൽ 2013ൽ മമ്ത മോഹൻദാസ് നായികയായ 'നൂറ വിത്ത് ലവ്' എന്ന ചിത്രം ബാബു നാരായണൻ ഒറ്റയ്ക്കാണ് സംവിധാനം ചെയ്തത്. ഇതായിരുന്നു അവസാന ചിത്രം. തൃശൂരിലാണ് ബാബു നാരായണന്റെ കുടുംബം താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാല് മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക.