പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ കോന്ദ്വോ മേഖലയിൽ കനത്ത മഴയിൽ അപ്പാർട്ട്‌മെന്റിന്റെ ചുറ്റുമതിൽ കുടിലുകൾക്ക് മുകളിൽ തകർന്ന് വീണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 15പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 1.45ഓടെയാണ് സംഭവം. രണ്ട് മൂന്ന് പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ഉണ്ട്.
അപ്പാർട്ട്മെന്റിനടുത്തുള്ള കുടിലുകൾക്ക് മുകളിലാണ് മതിൽ തകർന്ന് വീണത്. സമീപത്തെ നിർമ്മാണ കമ്പനിയിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി കാറുകൾ മതിലിനടിയിൽപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'അപകടത്തിന്റെ കാരണത്തെപ്പറ്റി അന്വേഷണം നടത്തുകയാണ്.ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇതിന്റെ നിർമ്മാണത്തിന് ആവശ്യമായ അനുമതികൾ വാങ്ങിയിട്ടുണ്ടോയെന്നും സുരക്ഷാ നടപടികൾ പാലിച്ചിട്ടുണ്ടോയെന്നും ഞങ്ങൾ പരിശോധിക്കും'-പൂനെ പൊലീസ് മേധാവി കെ വെങ്കിടേഷം പറഞ്ഞു.
വെള്ളിയാഴ്ച പൂനെയിൽ കനത്ത മഴയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലെ കണക്കനുസരിച്ച് പൂനെയിൽ 24 മണിക്കൂറിനുള്ളിൽ 73.1 മില്ലിമീറ്റർ മഴ ലഭിച്ചു. 2010 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണിത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ എട്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.