നെടുമങ്ങാട്: രണ്ടാഴ്‌ച മുമ്പ് നെടുമങ്ങാട് നിന്നും കാണാതായ പതിനാറുകാരിയുടെ മൃതദേഹം കാരാന്തല ആർ.സി പള്ളിക്ക് സമീപത്ത് നിന്നുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്തു ദിവസം മുമ്പ് കാണാതായ കാരാന്തല കുരിശടിയിൽ മഞ്ചുവിനെയും (39) കാമുകൻ ഇടമല സ്വദേശി അനീഷിനെയും (32) ഇന്നലെ തമിഴ്‌നാട്ടിൽ നിന്നാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. മഞ്ജുവിന്റെ മകൾ മീര (16) കൊല്ലപ്പെട്ടെന്ന സംശയത്തെ തുടർന്നാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് കാമുകന്റെ വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെയും എസ്.ഐ സുനിൽ ഗോപിയുടെയും നേതൃത്വത്തിലുള്ള സംഘം രാത്രി മുഴുവൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നെടുമങ്ങാട് മഞ്ച സ്വദേശിയായ മഞ്ചു ഏറെനാളായി പറണ്ടോട് വാടകവീട്ടിൽ മകൾക്കൊപ്പമാണ് താമസം. പത്തുദിവസം മുമ്പാണ് മഞ്ജുവിനെയും മകളെയും കാണാതായതായി ബന്ധുക്കൾ നെടുമങ്ങാട് പൊലീസിൽ നൽകിയത്. മീരയും അമ്മയ്‌ക്കൊപ്പം ഉണ്ടെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ചയാണ് പൊലീസ് മഞ്ജുവിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്. മീര ഇവർക്കൊപ്പം ഇല്ലായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്‌പര വിരുദ്ധമായ മറുപടിയും സംശയാസ്‌പദമായ പെരുമാറ്റവുമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ ഇരുവരുടെയും വീടുകളിലും പരിസരങ്ങളിലും പരിശോധന ആരംഭിക്കുകയായിരുന്നു. പത്താം ക്ലാസിൽ മികച്ച വിജയം നേടിയ മീരയുടെ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.