p-jayarajan

തളിപ്പറമ്പ്: കണ്ണൂരിലെ സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനെ പുകഴ്ത്തി ഫ്ളക്സ് പ്രത്യക്ഷപെട്ടു. പാർട്ടി ശക്തികേന്ദ്രമായ തളിപ്പറമ്പിലെ മാന്ധംകുണ്ടിലാണ് പല സ്ഥലത്തായി ഫ്ളക്സുകൾ സ്ഥാപിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. പി. ജയരാജൻ 'ചുവപ്പിച്ച കാവിക്കോട്ടകളും പച്ചകോട്ടകളും' നിരവധി കണ്ണൂരിൽ ഉണ്ട് എന്നാണ് ഫ്ളക്സിലൂടെ ഉയർത്തുന്ന അവകാശവാദം. എന്നാൽ സംഭവം വാർത്തയായതിനെ തുടർന്ന് ഈ ഫ്ളക്സുകൾ പിന്നീട് നീക്കം ചെയ്തു.

'ഈ ഇടങ്കയ്യനാൽ ചുവന്ന കാവികോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരിൽ.വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ജയരാജേട്ടൻ.' ഫ്ളക്സിലെ വാചകങ്ങൾ ഇങ്ങനെയാണ്. 'റെഡ് ആർമി മാന്ധംകുണ്ടി'ന്റെ പേരിലാണ് ഫ്ളക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. 'യുവത്വമാണ് ഈ നാടിന്റെ സ്വപ്നവും പ്രതീക്ഷയും. നിങ്ങൾ തളർന്ന് പോയാൽ ഇവിടെ സാമൂഹ്യ വിരുദ്ധർ തഴച്ച് വളരും. എല്ലാ കെടുതികൾക്കും മീതെ നാടിന്റെ വിളക്കായി എന്നും സൂര്യശോഭ പോലെ ജ്വലിച്ച് നിൽക്കാനാകണം.' ഫ്ളക്സിൽ പറയുന്നു.

'പി.ജെ ആർമി' എന്ന ഫേസ്ബുക്ക് കൂട്ടായ്മയോട് തന്നെ പ്രകീർത്തിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് നേരത്തെ പി. ജയരാജൻ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപെട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും 'സഖാവ് പി.ജെ' എന്നും 'ജയരാജേട്ടൻ' എന്നും സംബോധന ചെയ്തുകൊണ്ട് ജയരാജനുവേണ്ടി ഫ്ലക്സുകൾ പ്രത്യക്ഷപ്പെടുകയാണ്. ജയരാജന്റെ അഭ്യർത്ഥനയ്ക്ക് ശേഷവും അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് ഫേസ്ബുക്ക് കൂട്ടായ്മകൾ പ്രചാരണം തുടർന്നു.

ആന്തൂരിൽ പ്രവാസിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് ജയരാജനെ പുകഴ്ത്തുന്ന പ്രവണത പാർട്ടി അണികൾക്കിടയിൽ വർദ്ധിച്ചത്. സംഭവത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമളയ്ക്കെതിരെയാണ് ജയരാജൻ നിലപാടെടുത്തത്. ജയരാജനെ മഹത്വവത്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.