team-india

ലണ്ടൻ: ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ എവേ ജേഴ്സിയുടെ കാര്യത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസമാണ് ടീം ഇന്ത്യയുടെ എവേ ജേഴ്‌സി നിർമാതാക്കളായ നൈക്കി ഔദ്യോഗികമായി പുറത്തുവിട്ടത്. ഓറഞ്ചും കടുംനീല നിറവും കലർന്നതാണ് ജേഴ്‌സി. പിന്നിൽ മുഴുവനായും ഓറഞ്ച് നിറവും മുൻപിൽ കടുംനീലയുമാണ്.

ഇതിനിടെ ജേഴ്‌സിയുടെ ഓറഞ്ച് നിറം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവച്ചു. ഓറഞ്ച് ജേഴ്‌സി വഴി ഇന്ത്യൻ കായിക മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സമാജ് വാദി പാർട്ടി എം.എൽ.എ അബു അസ്മി, ജേഴ്‌സിയുടെ ഓറഞ്ച് നിറത്തിനു പിന്നിൽ ആർ.എസ്.എസും ബി.ജെ.പിയുമാണെന്ന് ആരോപിച്ചിരുന്നു.

വിവിധ നിറങ്ങളിൽ നിന്ന് ഒരു നിറം തിരഞ്ഞെടുക്കാൻ ബി.സി.സി.ഐയോട് ഐ.സി.സി നിർദേശിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ജേഴ്‌സിയിൽ നേരത്തെ തന്നെ ഓറഞ്ച് നിറം ഉൾപ്പെട്ടിട്ടുള്ളതിനാൽ ബി.സി.സി.ഐ അത് തിരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി 20 ക്രിക്കറ്റിൽ ഓറഞ്ച് നിറം ഉൾപ്പെട്ടിട്ടുള്ളതിനാൽ ടീം ജേഴ്‌സി പൂർണമായും പുതിയൊരു നിറത്തിലായെന്ന തോന്നൽ ആരാധകർക്ക് ഉണ്ടാകുകയുമില്ല.

team-india

ഐ.സി.സി നിർദേശമനുസരിച്ചാണ് ടീമുകൾ ഹോം - എവേ ജേഴ്‌സികൾ നിർബന്ധമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾ നീല നിറത്തിലുള്ള ജേഴ്‌സിയാണ് ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ തന്നെ നീല നിറത്തിലുള്ള ജേഴ്സികളിൽ കളിക്കുന്ന രണ്ട് ടീമുകൾ നേര്‍ക്കുനേർ വരുന്ന സമയത്ത് സന്ദർശന ടീം ജേഴ്സി മാറ്റണമെന്നാണ് നിയമം. എല്ലാ ടീമുകൾക്കും രണ്ട് വ്യത്യസ്ത നിറത്തിലുള്ള ജേഴ്സി ഉണ്ടാവണമെന്നായിരുന്നു ഐ.സി.സി നിർദേശം.

ഇപ്പോൾ പുതിയ ജേഴ്സി അണിഞ്ഞുള്ള താരങ്ങളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ പഴയ ടി20 ജേഴ്‌സിയുടെ ഡിസൈനാണ് പുതിയ ജേഴ്‌സിയിലും ഉപയോഗിച്ചിരിക്കുന്നത്. ലോകകപ്പ് കളിക്കുന്ന 10 രാജ്യങ്ങളിൽ എട്ട് ടീമുകൾക്കും എവേ കിറ്റുകളുണ്ട്