rajkumar

ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന രാജ്‌കുമാറിന്റെ ഉരുട്ടിക്കൊലയിൽ പുതിയ വെളിപ്പെടുത്തലുകൾ. കേസിൽ നിന്നും രാജ്‌കുമാറിനെ ഒഴിവാക്കാനായി നെടുങ്കണ്ടം എസ്.ഐ ഇരുപത് ലക്ഷം രൂപ ആവശ്യപെട്ടിരുന്നതായാണ് പുതിയ വിവരം. രാജ്‌കുമാറിനെ പിടിച്ചെടുത്തപ്പോൾ അയാളുടെ കൈവശം ഉണ്ടായിരുന്ന പണത്തിൽ നിന്നും 90,000 രൂപ കുറവുള്ളതായി കണ്ടെത്തിയതായും പറയപ്പെടുന്നു. ഈ പണം പൊലീസ് കൈക്കലാക്കിയതായാണ് ആരോപണം.

പൊലീസിന്റെ വിശദീകരണത്തിന് വിരുദ്ധമായി നാട്ടുകാർ രാജ്‌കുമാറിനെ മർദ്ദിച്ചിട്ടില്ലെന്നും ഒരു പരിക്കുകളും ഏറ്റിട്ടില്ലെന്നും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോഴും രാജ്‌കുമാറിന് ഒന്നും സംഭവിച്ചിരുന്നില്ലെന്നും സംഭവത്തിലെ ദൃക്സാക്ഷിയായ ആലീസ് പറയുന്നു. പൊലീസ് സംഭവത്തിൽ അനാവശ്യമായി നാട്ടുകാരെ ക്രൂശിക്കുകയാണെന്നും അവരുടെ മേൽ പഴി ചാരുകയാണെന്നും ആലീസ്‌ ആരോപിച്ചു.

പീരുമേട്ടിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് മരണപ്പെട്ട രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചിരുന്നതായി രാജ്‌കുമാറിന്റെ അമ്മയും പറയുന്നു. റൂൾത്തടി കൊണ്ടാണ് രാജ്‌കുമാറിനെ പൊലീസ് തല്ലിയതെന്നു അമ്മ കസ്തൂരി പറയുന്നു. അർദ്ധരാത്രി തെളിവെടുപ്പിനായി വീട്ടിലേക്ക് രാജ്‌കുമാറിനെ കൊണ്ടുവന്നപ്പോഴാണ് റൂൾത്തടി വച്ച് പൊലീസ് രാജ്‌കുമാറിനെ മർദിച്ചതെന്ന് കസ്തൂരി പറയുന്നു. താൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും ഭാര്യയുടേയും മറ്റുള്ളവരുടെയും മുൻപിൽ വച്ചാണ് രാജ്‌കുമാറിനെ മർദ്ദിച്ചതെന്നും കസ്തൂരി പറയുന്നു.

ജീപ്പിന്റെ പിന്നിൽ വച്ചും പൊലീസ് രാജ്‌കുമാറിനെ മർദ്ദിച്ചുവെന്ന് കസ്തൂരി പറഞ്ഞു. 'മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അവന്റെ മൃതദേഹം ഞാൻ കണ്ടത്. അവന്റെ മുഖം വീർത്ത് വല്ലാതെ മാറിപ്പോയിരുന്നു. വായിൽ പല്ലൊന്നും ഉണ്ടായിരുന്നില്ല. പല്ല് അവർ അടിച്ച് കൊഴിച്ചിരുന്നു. രണ്ട് പല്ല് പുറത്ത് കാണും. അതിൽത്തന്നെ ഒരു പല്ല് ഒടിഞ്ഞിരുന്നു.' കസ്തൂരി പറയുന്നു.

രാജ്‌കുമാർ മരിച്ച വിവരം വൈകിയാണ് ബന്ധുക്കളെ അറിയിക്കുന്നതെന്നും രാജ്‌കുമാറിന്റെ അമ്മ പറയുന്നു.

തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ പൊലീസ് രാജ്‌കുമാറിനെ മർദ്ദിച്ചുവെന്ന് ബന്ധുവായ രാജേന്ദ്രനും പറയുന്നു. അമ്മയ്ക്കും ഭാര്യയ്ക്കും മുന്നിലിട്ടാണ് രാജ്‌കുമാറിനെ പൊലീസ് മർദ്ദിച്ചതെന്നും വീട്ടിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നുമാണ് രാജേന്ദ്രൻ പറയുന്നത്.

അതേസമയം തട്ടിപ്പ് കേസിൽ രാജ്‌കുമാറിനെ ആരോ ചതിച്ചതാകാമെന്നും ഇത്രയും വലിയ സാമ്പത്തിക ഇടപാട് നടത്താനുള്ള ശേഷി അയാൾക്ക് ഇല്ലെന്നും രാജ്‌കുമാറിന്റെ ഭാര്യ വിജയമ്മ പറഞ്ഞു. കേസിൽ നിന്നും യാതൊരു രീതിയിലും പിന്മാറില്ലെന്നും കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും വിജയമ്മ അറിയിച്ചു.