mm-mani

ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ കസ്റ്റഡിയിൽ മരിച്ച രാജ്കുമാർ കുഴപ്പക്കാരനെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കസ്റ്റഡി മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാദി കോൺഗ്രസ് പ്രവർത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ കാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണമെന്നും സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പൊലീസ് അവസരം ഉണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്കുമാറിന്റെ മരണത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രതിയെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയിൽ വച്ചത് എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും അറിവോടെയാണെന്നാണ് റിപ്പോർട്ട്. പ്രതി ശാരീരികമായി അവശത നേരിടുകയാണെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവി അവഗണിക്കുകയായിരുന്നു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ വരുന്ന ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചാണ് ഈ മാസം 13നും 14നും 2 തവണയായി, മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയത്. എന്നാൽ,​ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി അവഗണിച്ചു. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാർ ജൂൺ 21 നാണ് മരിച്ചത്.