ജയ്പ്പൂർ: 2017ൽ പശുവിനെ കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന പെഹ്ലു ഖാനെതിരെ കേസ് എടുത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. പശുവിനെ കടത്തിയെന്നതാണ് ക്ഷീര കർഷകനായ പെഹ്ലു ഖാൻ ചെയ്ത കുറ്റമെന്ന് പൊലീസിന്റെ ചാർജ് ഷീറ്റിൽ പറയുന്നത്. ഖാന്റെ മക്കളായ ഇർഷാദിനേയും ആരിഫിനേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പശുവിനെ കടത്തുന്നതിനും അവയെ കശാപ്പ് ചെയ്യുന്നതിനും രാജസ്ഥാനിൽ നിയമം നിലവിലുണ്ട്. ഇതനുസരിച്ചാണ് പെഹ്ലു ഖാനും മക്കൾക്കുമെതിരെ ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുന്നത്.
2017ൽ വസുന്ധര രാജെയുടെ കീഴിലുള്ള ബി.ജെ.പി സർക്കാർ ബഹ്ജരിക്കുന്ന കാലത്താണ് പിക്ക് അപ്പ് വാനിൽ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്ലു ഖാനെയും മക്കളെയും ആറ് പേർ ചേർന്ന് ആക്രമിക്കുന്നത്. ക്രൂരമായ മർദ്ദനത്തിനിടെ പെഹ്ലു ഖാൻ ബോധം മറഞ്ഞ് വീഴുകയും പിന്നീട് മരിക്കുകയും ആയിരുന്നു. സംഭവത്തിൽ ആറ് പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു.
സംഭവസ്ഥലത്ത് ഇവർ ഉണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് രാജസ്ഥാൻ സി.ഐ.ഡി ക്രൈം ബ്രാഞ്ച് ഇവരെ വിട്ടയക്കുന്നത്.അതേസമയം തന്നെ പശുസംരക്ഷണത്തിന്റെ പേരിൽ സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വിശ്വ ഹിന്ദു പരിഷതും, ബജ്‌രംഗ് ദളും ശ്രമിക്കുന്നെന്ന് കാണിച്ച് ഈ സംഘടനകളെ നിരോധിക്കണമെന്നും രാജസ്ഥാൻ സർക്കാർ പറയുന്നുണ്ട്.