ന്യൂഡൽഹി: അരുണാചൽ പ്രദേശിലേക്ക് പറന്ന റഷ്യൻ നിർമിത ആന്റണോവ് എ.എൻ 32 വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി പോയ രക്ഷാപ്രവർത്തകർ 17 ദിവസമായി കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കാലാവസ്ഥ മോശമായി തുടരുന്നതിനാലാണ് ഇവർക്ക് അപകട സ്ഥലത്ത് നിന്ന് തിരിച്ച് വരാൻ സാധിക്കാത്തത്. കാലാവസ്ഥ അനുകൂലമായാലെ ഹെലികോപ്ടറുകളിൽ ഇവരെ തിരിച്ചെത്താനാവൂ എന്ന് അധികൃതർ അറിയിച്ചു.
ജൂൺ 12-നാണ് കോപ്റ്ററുകൾ വഴി രക്ഷാപ്രവർത്തകരെ അപകടം നടന്ന സ്ഥലത്ത് എത്തിച്ചത്. മണിക്കൂറുകളെടുത്ത് വളരെ പ്രയാസപ്പെട്ടാണ് സൈനികരുൾപ്പെട്ട 12 അംഗം രക്ഷപ്രവർത്ത സംഘം സംഭവ സ്ഥലത്ത് എത്തിച്ചേർന്നത്. അന്ന് ഇവർക്ക് ആത്യാവശത്തിനുള്ള ഭക്ഷണവും എത്തിച്ചിരുന്നു. എന്നാൽ, കൂടുതൽ ദിവസം ഇവിടെ തങ്ങേണ്ടി വന്നാൽ അത് ഏറെ പ്രയാസകരമാകും. നിലവിൽ ഇവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. 12,000 അടി മുകളിലാണ് 17 ദിവസമായി സംഘം കഴിയുന്നത്. വ്യോമസേനയുടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികൾ ഉൾപ്പടെയുള്ള 13 പേരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഇതിനിടെ സംഘം കണ്ടെടുത്തിരുന്നു.