ഇടുക്കി: പീരുമേട്ടിൽ രാജ്‌കുമാർ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ സി.പി.ഐ. സംഭവത്തിൽ ജില്ലാ എസ്.പി കെ.ബി വേണുഗോപാലിന്റെ പങ്ക് ഗൗരവമായി കണക്കിലെടുക്കണമെന്ന് ജില്ലാ പാർട്ടി ഘടകം ആവശ്യപ്പെട്ടു. എസ്.പി അറിയാതെ ഒരിക്കലും ക്രൂരമായ മർദ്ദന മുറകൾ നടക്കില്ലെന്നും സി.പി.ഐ ആരോപിച്ചു.
എസ്.പിയെ മാറ്റി നിർത്തി വേണം അന്വേഷണം നടത്താണെന്നും സി.പി.ഐ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ കുറ്റം ചെയ്ത പൊലീസുകാരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ ഉറപ്പ് നൽകി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
അതേസമയം മരണപ്പെട്ട രാജ്കുമാർ കുഴപ്പക്കാരനാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കസ്റ്റഡി മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാദി കോൺഗ്രസ് പ്രവർത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ കാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണമെന്നും സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പൊലീസ് അവസരം ഉണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാജ്കുമാറിന്റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ലോക്നാഥ് ബെഹ്‌റയെ വിമർശിച്ച്, സാമാന്യ വിവരമുള്ള ആരെയെങ്കിലും പൊലീസ് മേധാവിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കെ.മുരളീധരനും രംഗത്തെത്തി.