തിരുവനന്തപുരം: സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി.ദിവാകരൻ പറഞ്ഞു. വെളിയം ഭാർഗവന്റേയും സി.കെ.ചന്ദ്രപ്പന്റേയും വി.എസ്.അച്യുതാനന്ദന്റേയും ശൈലിക്ക് പിന്തുടർച്ചയുണ്ടാകുന്നില്ല. നേതാക്കളിൽ നിന്ന് ജനങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നും ദിവാകരൻ പ്രമുഖ വാർത്താ ചാനലിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പുതോൽവി ഇടതുപക്ഷത്തിന് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തരുതെന്നും പ്രവർത്തനശൈലി മാറണമെന്നും ദിവാകരൻ പറഞ്ഞു. രാഷ്ട്രീയപക്വത കാട്ടിയാൽ ജനവിശ്വാസം തിരിച്ചുപിടിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസികൾ എതിരായത് ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. എതിർചേരി തെറ്റിദ്ധാരണ പരത്തിയത് പ്രതിരോധിക്കാനായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പാർട്ടിയോടൊപ്പം നിന്നിരുന്ന വിഭാഗം എതിർചേരിയുടെ പ്രചാരണത്തിൽ തെറ്റിദ്ധരിക്കപ്പെട്ടു. ഇതുമൂലം പരമ്പരാഗതമായി പാർട്ടിക്ക് വോട്ടുചെയ്ത വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ല. പ്രചാരണ സമയത്ത് വേണ്ട രീതിയിൽ മനസ്സിലാക്കാനോ, പ്രതിരോധിക്കാനോ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു.