sushma-swaraj

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഡൽഹിയിലുള്ള തന്റെ ഔദ്യോഗിക ഭവനം ഒഴിഞ്ഞു. സുഷമ തന്നെയാണ് ട്വിറ്റർ വഴി ഈ വിവരം പുറത്തുവിട്ടത്. ന്യൂ ഡൽഹിയിലെ സർഫർജംഗിലുളള എട്ടാം നമ്പർ ഔദ്യോഗിക വസതി താൻ ഒഴിയുകയാണെന്നും, ഇനി മുതൽ തന്റെ പഴയ വിലാസത്തിലും ഫോൺ നമ്പറിലും താൻ ലഭ്യമാകില്ല എന്നുമാണ് സുഷമ ട്വിറ്റർ വഴി അറിയിച്ചത്. ഈ സന്ദേശം കണ്ട നിരവധി പേർ സുഷമയ്ക്ക് യാത്ര പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു. വിദേശകാര്യമന്ത്രി ആയിരുന്നപ്പോഴുള്ള സുഷമയുടെ സേവനങ്ങൾക്കും ഇവർ നന്ദി അറിയിച്ചു.

'നിങ്ങളാണ് നവ ഇന്ത്യ ഭരിച്ചിട്ടുള്ള ഏറ്റവും ബഹുമാനം അർഹിക്കുന്ന മന്ത്രി. ഔദ്യോഗിക വസതിയിൽ നിന്നും ഇറങ്ങിയെങ്കിലും എന്നും ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് താമസിക്കാം. നിങ്ങളെ പോലുള്ള നേതാക്കളാണ് രാഷ്ട്രീയരംഗം സുന്ദരമാക്കുന്നത്.' ബോളിവുഡ് നടനും ബി.ജെ.പി അനുഭാവിയുമായ അനുപം ഖേർ പറഞ്ഞു. സുഷമയുടെ പാത പിന്തുടരാൻ തനിക്ക് അഭിമാനമാണുള്ളതെന്ന് ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ഡോക്ടർ എസ്. ജയ്ശങ്കറും പറഞ്ഞു.

'ഇതാണ് സത്യസന്ധതയുടെ സൗന്ദര്യം. ചിലർ മന്ത്രിയായുള്ള സേവനം അവസാനിപ്പിച്ച ശേഷവും ഔദ്യോഗിക വസതിയിൽ താമസിക്കുന്നു. ഇതാ തന്റെ ജോലി ഭംഗിയായി തീർത്ത ഒരു മന്ത്രി. മാഡം, താങ്കളെ ഞങ്ങൾക്ക് മിസ് ചെയ്യും.' മറ്റൊരു ട്വിറ്റർ യൂസറും കുറിച്ചു.

മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം സുഷമ സ്വരാജ് ആന്ധ്രാ പ്രദേശിന്റെ ഗവർണർ സ്ഥാനം ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സുഷമ സ്വരാജ് തന്നെ രംഗത്ത് വന്നിരുന്നു. മന്ത്രിസ്ഥാനത്ത് ഇരുന്ന സമയത്ത് മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പേരിൽ നിരവധി തവണ സുഷമയെ തേടി പ്രശംസകൾ എത്തിയിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ട്വിറ്ററിലൂടെ, ജനങ്ങളുമായി അടുത്തിടപഴകാനും സുഷമ സ്വരാജ് ശ്രദ്ധിച്ചിരുന്നു.