muniyandi-temple-biriyani

നിരവധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. അതുപോലെ തന്നെ അവിടെ നിന്നൊക്കെ ലഭിക്കുന്ന പ്രസാദങ്ങളും വ്യത്യസ്തമാണ്. അവിലും ശർക്കരയും തുടങ്ങി കഷായം വരെ പ്രസാദമായി ലഭിക്കുന്ന ക്ഷേത്രങ്ങളുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വിഭിന്നമായി ഭക്തർക്ക് മട്ടൻ ബിരിയാണി പ്രസാദമായി നൽകുന്ന അമ്പലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ അങ്ങനൊന്നുണ്ട്. തമിഴ്‌നാട്ടിലെ മധുര ജില്ലയിലുള്ള മുനിയാണ്ടി ക്ഷേത്രത്തിലാണ് പ്രസാദമായി മട്ടൺ ബിരിയാണി വിളമ്പുന്നത്.

muniyandi-temple-biriyani

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ ഈ പ്രസാദവിതരണം. എല്ലാ വർഷവും ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയിലെ വെള്ളി, ശനി ദിവസങ്ങളിൽ ഇവിടെ മട്ടൺ ബിരിയാണി വിളമ്പും. എല്ലാവരിൽ നിന്നും പണം സ്വീകരിച്ചാണ് ഉത്സവം നടത്തുന്നത്. മൂന്ന് ദിവസത്തെ ഉത്സവത്തിന്റെ പേര് തന്നെ മുനിയാണ്ടി ക്ഷേത്രം ബിരിയാണി ഉത്സവമെന്നാണ്. ഭക്തർ കാണിക്കയായി നൽകുന്ന 1000 കിലോ അരി, 250 ആടുകൾ, 300 കോഴി എന്നിവ ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കുന്നത്. കഴിഞ്ഞ 84 വർഷമായി തുടരുന്ന ആചാരമാണ് ഈ ക്ഷേത്രത്തിലേത്.

muniyandi-temple-biriyani

ബിരിയാണി കഴിക്കാൻ ഭക്തർ മാത്രമേ എത്താവൂ എന്ന നിബന്ധനയൊന്നും ഈ ക്ഷേത്ര ഭാരവാഹികൾക്കില്ല. ഉത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ആർക്കുംപ്രസാദം കിട്ടും. ഉത്സവദിവസം അമ്പത് വലിയ കുട്ടകങ്ങളിൽ അരിയും ഇറച്ചിയും മസാലക്കൂട്ടുകൾ ചേർത്ത് പാകമാക്കാനിടും. വിറകടുപ്പിലെ തീയിൽ രാത്രിയിരുന്ന് വെന്ത് തയ്യാറായ നല്ല അസൽ ബിരിയാണി രാവിലെ അഞ്ച് മണി മുതൽ വിളമ്പി തുടങ്ങും. ഇത്തവണത്തെ ഉത്സവത്തിന് നാലായിരം കിലോ ബിരിയാണിയാണ് അധികൃതർ വിളമ്പിയത്.