തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ നെടുങ്കണ്ടം പൊലീസ് കസ്‌റ്റഡിയിൽ എടുത്ത രാജ്‌കുമാർ കസ്‌റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ വി.എം മോഹനൻ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ നിലവിൽ ഇക്കാര്യത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. രാജ്‌കുമാറിന്റെ കുടുംബമോ ജനപ്രതിനിധികളോ പരാതി നൽകിയാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തും. സംഭവത്തിൽ സ്വയം കേസെടുത്ത് അന്വേഷണം നടത്താൻ അതോറിറ്റിക്ക് അധികാരം ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, പ്രതികളെ തല്ലാനും കൊല്ലാനും പൊലീസുകാർക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ കസ്‌റ്റഡിയിലെടുക്കുമ്പോൾ എതിർത്താൽ ബലം പ്രയോഗിക്കാമെന്ന് മാത്രമാണ് സി.ആർ.പി.സിയിൽ പറഞ്ഞിരിക്കുന്നത്. കസ്‌റ്റഡി മർദ്ദനവും മറ്റും നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കസ്‌റ്റഡി മരണങ്ങൾ ഇല്ലാതാക്കാൻ ശക്തമായ നടപടിയും ബോധവത്കരണവുമാണ് ആവശ്യം. ഇക്കാര്യത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന മാർഗ നിർദ്ദേശങ്ങൾ എല്ലാ പൊലീസുകാരും പാലിക്കണമെന്നും അദ്ദേഹം സൂചന നൽകി.