കൈകളുടെ സൗന്ദര്യം പോലെതന്നെ പ്രധാനമാണ് കാലുകളുടെ സൗന്ദര്യവും. മഴക്കാലമായതിനാൽ പാദങ്ങളിലൂടെ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പാദങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേൽക്കാനും കാരണമാകും. മഴക്കാലത്ത് പാദങ്ങൾ സംരക്ഷിക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതി.
ഇതാ ചില പൊടിക്കൈകൾ...
* ഷൂ പോലുള്ള പാദങ്ങൾ കവർ ചെയ് തിരിക്കുന്ന പാദരക്ഷകളിൽ ഈർപ്പം തങ്ങിനിന്ന് ഫംഗൽ ബാക്ടീരിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
* ദിവസവും പാദങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം. ചൂടുവെള്ളത്തിൽ കുറച്ച് നാരങ്ങാനീരും വീര്യം കുറഞ്ഞ ഷാംപുവും ഉപയോഗിച്ച് കഴുകുക.
* പാദങ്ങൾ വൃത്തിയാക്കിയതിനുശേഷം ഫൂട്ട് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക.
* മഴക്കാലത്ത് നഖങ്ങൾ നീളം കുറച്ച് സൂക്ഷിക്കണം. നഖത്തിനടിയിൽ പൊടിയും മറ്റും അടിഞ്ഞ് അണുബാധയുണ്ടാകും.
* പാദങ്ങൾ കഴുകി വൃത്തിയാക്കിയതിനുശേഷം ടാൽക്കം പൗഡർ ഉപയോഗിക്കുക. ഇത് പാദങ്ങളിൽ ഈർപ്പം തങ്ങിനിൽക്കാതിരിക്കാൻ സഹായിക്കും.
* സോപ്പുവെള്ളത്തിൽ കാൽകഴുകിയതിനുശേഷം സ്ക്രബ് ഉപയോഗിച്ച് ഉരയ്ക്കുന്നത് പാദങ്ങളിലെ മൃതകോശങ്ങളെ നീക്കും.
* മുൾട്ടാണിമിട്ടിയും നാരങ്ങാനീരും മഞ്ഞളും ലാവണ്ടർ ഓയിലും മിക്സ് ചെയ്ത് മാസ്ക് പോലെ പാദങ്ങളിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ശേഷം ഒലിവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുക.
* ഉപയോഗിക്കുന്ന പാദരക്ഷകൾ വൃത്തിയായി സൂക്ഷിക്കുക.
* നഖങ്ങൾ മുറിക്കുമ്പോൾ ശ്രദ്ധ വേണം. മുറിവുണ്ടായാൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. മഴക്കാലത്ത് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.