യാത്രാ മാർഗം ഒന്ന് മാറ്റിപ്പിടിച്ചാലോ? വിമാനത്തിൽ ഇതുവരെ യാത്ര ചെയ്യാത്തവർക്ക് അതിശമായ ഒന്ന് തന്നെയാണ് ആകാശ യാത്ര. വിമാനയാത്ര എല്ലാവരുടെയും ഉള്ളിലുള്ള ആഗ്രഹമാണ്. എന്നാൽ യാത്രക്കുള്ള തുക കേട്ടാണ് പലരുടെയും ഞെട്ടൽ. എന്നാൽ, കൃത്യമായ പ്ലാനിംഗോടെ കുറഞ്ഞ ചിലവിലും വിമാന യാത്ര ചെയ്യാം.
യാത്ര ചെയ്യാനുള്ള ഫ്ലൈറ്റ് മുൻകൂട്ടി തിരഞ്ഞെടുത്ത് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്താൽ പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് തുടങ്ങിയ ക്ലാസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്ക് കൂടുൽ ഇൗടാക്കുന്നത് ഫസ്റ്റ് ക്ലാസ്സ് യാത്രയ്ക്കാണ്. അതിലും കുറവാണ് ബിസിനസ് ക്ലാസിന്. ഇക്കോണമി ക്ലാസിൽ ബിസിനസ് ക്ലാസിനെക്കൾ നിരക്ക് കുറവാണ്.
രാജ്യാന്തര യാത്രകളാണങ്കിൽ കുറഞ്ഞത് മൂന്നു മാസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്താൽ വലിയ തുക ലാഭിക്കാം. എയർലൈൻസിന്റെ വെബ്സൈറ്റിൽ ഒാരോ ദിവസവും ടിക്കറ്റ് നിരക്കിൽ മാറ്റം വരുന്നത് ചെക്ക് ചെയ്ത് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. മുൻകൂട്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ചിലവു കുറയ്ക്കാൻ ഏറ്റവും നല്ലത്. ഏജൻസികൾ ഉണ്ടെങ്കിലും നേരിട്ട് വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതിലൂടെ, ട്രാവൽ ഏജൻസികൾക്കു നൽകേണ്ടിവരുന്ന കമ്മിഷൻ ഒഴിവാക്കാനാകും.
വിമാനയാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ശനിയും ഞായറും ഒഴിവാക്കുന്നതാണ് നല്ലത്. യാത്രക്കാരുടെ തിരക്കധികവും ഇൗ ദിവസങ്ങളിലാണ്. അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്കും കൂടുതലാകും. സീസൺ അനുസരിച്ചാണ് യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ അതനുസരിച്ചുള്ള സ്ഥലങ്ങളും വിമാന നിരക്കും തിരഞ്ഞെടുക്കാം. ടിക്കറ്റ് എടുക്കുമ്പോൾ റീഫണ്ട് ഉണ്ടോ എന്ന് ആദ്യം തന്നെ നോക്കണം.
ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ, പിന്നീട് നിരക്ക് കുറഞ്ഞതായി കാണുമ്പോൾ തീർച്ചയായും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കും. ചില എയർ ലൈനുകൾ ടിക്കറ്റ് നിരക്ക് കുറയുമ്പോൾ നേരത്തേ ബുക്ക് ചെയ്തവർക്ക് അധികം വരുന്ന തുക റീഫണ്ട് ചെയ്തു നൽകാറുണ്ട്. ഗൾഫിലും മറ്റും സ്കൂളുകൾക്ക് അവധി തുടങ്ങുന്നതിന് ഒരാഴ്ച മുൻപും ശേഷവും നാട്ടിലേക്കുള്ള ചാർജ് കുത്തനെ കൂടും. ആ സമയത്ത് അങ്ങോട്ടേക്കുള്ള ചാർജ് വളരെ കുറവായിരിക്കും. കൂടാതെ ക്രിസ്മസ്, പെരുന്നാൾ, ഓണം തുടങ്ങിയ വിശേഷ അവധി ദിവസങ്ങളിലും വിമാന നിരക്കു കൂടുതലായിരിക്കും.