ന്യൂഡൽഹി: മൂന്ന് പ്രമുഖ മാദ്ധ്യമങ്ങൾക്ക് പരസ്യം നൽകുന്നത് നിർത്തിവച്ച് നരേന്ദ്ര മോദി സർക്കാർ. ടൈംസ് ഗ്രൂപ്പ്, ദ ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിക്കുന്ന എ.ബി.പി ഗ്രൂപ്പ്, ദ ഹിന്ദു എന്നീ മാധ്യമ സ്ഥാപങ്ങൾക്ക് പരസ്യം നൽകുന്നത് നിർത്തി വയ്ക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച്, ദ വയർ, സ്ക്രോൾ എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
പത്രങ്ങൾ ബി.ജെ.പിക്കെതിരായി നൽകിയ വാർത്തകളാണ് കേന്ദ്ര സർക്കാരിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യം ടൈംസ് ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന 'ബെന്നറ്റ്, കോൾമാൻ ആൻഡ് കോ'യിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. 'പരസ്യം നൽകുന്നത് അവർ ഫ്രീസ് ചെയ്തിട്ടുണ്ട്. ഞങ്ങൾ കൊടുത്ത ചില പത്രവാർത്തകളാകാം അതിന് കാരണം.' പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. ടൈംസ് ഗ്രൂപ്പിന് ലഭിക്കുന്ന പരസ്യങ്ങളിൽ 15 ശതമാനവും വരുന്നത് കേന്ദ്ര സർക്കാരിൽ നിന്നുമാണ്.
തങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങളിൽ, കഴിഞ്ഞ ആറ് മാസമായി, 15 ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് എ.ബി.പി ഗ്രൂപ്പിലെ രണ്ട് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. 'സർക്കാരിനെതിരെ എന്തെങ്കിലും എഴുതിയാൽ, അല്ലെങ്കിൽ അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് മാദ്ധ്യമങ്ങൾ മുന്നോട്ട് പോയില്ലെങ്കിൽ, പത്രങ്ങളെ തളർത്താനായി അവർ ആദ്യം പരസ്യം നിഷേധിക്കുകയാണ് ചെയ്യുക. അങ്ങനെയാണ് അവർ ഞങ്ങളെ ശിക്ഷിക്കുക.' ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എ.ബി.പിയുടെ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു. 'പരസ്യം നൽകാതിരിക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടില്ല. എങ്കിലും മാദ്ധ്യമസ്വാതന്ത്ര്യം എല്ലാ കാലത്തും നിലനിൽക്കും. ഇങ്ങനെയുള്ള നടപടികൾ ഉണ്ടാകുന്നത് ഞങ്ങളെ തളർത്തില്ല.' അദ്ദേഹം പറഞ്ഞു.
റാഫേൽ കരാറിനെ കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് 'ദ ഹിന്ദു' പത്രത്തിന് പരസ്യങ്ങൾ നൽകുന്നത് സർക്കാർ നിർത്തിവച്ചത്. റാഫേൽ വിഷയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം സർക്കാരിൽ നിന്നും ലഭിക്കുന്ന പരസ്യങ്ങളിൽ, ഹിന്ദു പത്രം കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. റാഫേൽ ഇടപാടിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നായിരുന്നു ഹിന്ദുവിന്റെ റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഈ നടപടിയെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് രംഗത്ത് വന്നു.
'ജനാധിപത്യ വിരുദ്ധവും, അഹങ്കാരത്തോട് കൂടിയുമുള്ള ഒരു നടപടിയാണിത്. പരസ്യങ്ങൾ നൽകുന്നത് നിർത്തിവച്ചുകൊണ്ട്. തങ്ങൾക്ക് എതിരായി ഒന്നും ചെയ്യരുതെന്നും, തങ്ങൾ പറയുന്നത് അനുസരിക്കണമെന്നുമാണ് ബി.ജെ.പി ഈ വാർത്താമാദ്ധ്യമങ്ങളോട് പറയുന്നത്.' കോൺഗ്രസിന്റെ ലോക്സഭാ വക്താവ് ആദിർ രഞ്ജൻ ചൗധരി പറഞ്ഞു. എന്നാൽ ഇ ആരോപണം ബി.ജെ.പി നിഷേധിച്ചു. മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ച് വാർത്തകൾ വരുന്നുണ്ടെന്നും, മാദ്ധ്യമ സ്വാതന്ത്ര്യത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നും ബി.ജെ.പി വക്താവ് നളിൻ കോഹ്ലി പറഞ്ഞു. ഇത്തരത്തിലുള്ള ഒരു ആരോപണം വരുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.