pehlu

ഭോപ്പാൽ: രാജസ്ഥാനിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി രണ്ടുവർഷം മുമ്പ് കൊല്ലപ്പെട്ട ക്ഷീരകർഷകനെതിരെ പശുക്കടത്ത് ആരോപിച്ച് കുറ്റപത്രം. 2017 ഏപ്രിൽ ഒന്നിന് ജയ്‌പൂരിൽ നിന്ന് ഹരിയാനയിലെ തന്റെ ഡെയറി ഫാമിലേക്ക് പശുക്കളുമായി പോകുന്നതിനിടെ ആൾവാറിൽവച്ച് ആൾക്കൂട്ടം തടഞ്ഞുനിറുത്തി മർദ്ദിച്ച് കൊലപ്പെടുത്തിയ പെഹ്‌ലു ഖാനെ (55) തിരെയാണ് രാജസ്ഥാൻ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനധികൃതമായി കാലികളെ കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു പെഹ്‌ലു ഖാനെയും മക്കളെയും ഒരുസംഘമാളുകൾ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ പെഹ്‌ലുഖാൻ പിന്നീട് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

പെഹ്‌ലുഖാന്റെ രണ്ടുമക്കളായ ഇർഷാദ്, ആരിഫ്, പശുക്കളെ കൊണ്ടുവന്ന ട്രക്കിന്റെ ഉടമ ഖാൻ മുഹമ്മദ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഇർഷാദിനും ആരിഫിനും ആൾവാറിൽവച്ച് മർദ്ദനമേറ്റിരുന്നു. ഈ സംഭവത്തിൽ പത്തു പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ എട്ട് പേർ പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും രണ്ടുപേരെ ഇപ്പോഴും പിടികൂടാനായിട്ടില്ല. ഈ കേസിൽ രണ്ടു എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്ന്, പെഹ്‌ലുഖാനെയും മക്കളെയും ആക്രമിച്ച സംഭവത്തിലും മറ്റൊന്ന്, കളക്ടറുടെ അനുമതി ഇല്ലാതെ അനധികൃതമായി കാലികളെ കൊണ്ടുപോയതിനുമാണ്. ഇതിൽ രണ്ടാമത്തെ എഫ്.ഐ.ആർ അനുസരിച്ച് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് പെഹ്‌ലുഖാന്റെയും മക്കളുടെയും പേരുകളുള്ളത്. കന്നുകാലി കശാപ്പ്, പശുക്കടത്ത് എന്നിവ സംബന്ധിച്ച് നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. ജീവിച്ചിരിപ്പില്ലാത്തതിനാൽ, പെഹ്‌ലുഖാന് നിയമനടപടികൾ നേരിടേണ്ടിവരില്ല. എന്നാൽ, മക്കൾക്കെതിരെ കേസെടുക്കും.

''കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നത്. അന്വേഷണത്തിൽ പിഴവുണ്ടെങ്കിൽ പുനരന്വേഷണം നടത്തും'"- അശോക് ഗെഹ്‌ലോട്ട്, രാജസ്ഥാൻ മുഖ്യമന്ത്രി