പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ മതിലിടിഞ്ഞു വീണ് നാലു കുട്ടികളും ഒരു സ്ത്രീയുമടക്കം 15പേർ മരിച്ചു. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ പൂനെയിലെ കൊന്തുവാ മേഖലയിലാണ് സംഭവം. ബീഹാർ, ബംഗാൾ സ്വദേശികളായ കെട്ടിടനിർമ്മാണത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും താമസിച്ചിരുന്ന കുടിലുകൾക്കു മുകളിലേക്കാണ് 40അടിയോളം ഉയരമുള്ള മതിലിന്റെ വലിയൊരുഭാഗം കനത്ത മഴയെത്തുടർന്ന് ഇടിഞ്ഞുവീണത്. കുടിലുകളിൽ ഉറങ്ങുകയായിരുന്നവരാണ് മരിച്ചത്. ദേശീയ ദുരന്തനിവാരണസേന ഉൾപ്പെടെയുള്ളവർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് നിരവധി കാറുകൾ തകർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.