ഒസാക്ക: അമേരിക്കയും ചൈനയും തമ്മിൽ നിലനിന്നിരുന്ന വ്യാപാരയുദ്ധം അവസാനിക്കുന്നു. ചൈനയുമായുള്ള വ്യാപാര ചർച്ചകൾ പുന:രാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ മഞ്ഞുരുകുന്നതായി റിപ്പോർട്ടുകൾ വന്നത്. ജപ്പാനിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംഗുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് പുതിയ തീരുവ ഏർപ്പെടുത്തില്ലെന്ന് ചർച്ചയിൽ ധാരണയായതായാണ് വിവരം.
വളരെ മികച്ച കൂടിക്കാഴ്ചയാണ് നടന്നതെന്ന് ചിൻ പിംഗും ശ്രേഷ്ടമായ ചർച്ചയെന്ന് ട്രംപും കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചു. ഞങ്ങൾ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയെന്നാണ് ട്രംപ് പ്രതികരിച്ചത്. അതേസമയം ചർച്ചയുടെ കൂടുതൽ വിശദാംശങ്ങളോ, കരാറുകളുടെ വിവരങ്ങളോ വെളിപ്പെടുത്താൻ ഇരുവരും തയാറായിട്ടില്ല. ഇവ സംബന്ധിച്ച് ഇരുരാജ്യങ്ങളും പിന്നീട് ഔദ്യോഗിക പ്രസ്താവനകൾ നടത്തുമെന്നാണ് സൂചന.