ഭൂമിക്കടിയിൽ നിന്നും കുഴിച്ചെടുക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾ എത്രകാലം കൂടി നിലനിൽക്കുമെന്ന ചോദ്യം കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരു പക്ഷേ പെട്രോളിയം ഉത്പന്നങ്ങൾ തീർന്നുപോയാൽ ബദൽ സംവിധാനങ്ങൾ ഒരുക്കാനുള്ള പരീക്ഷണങ്ങളും ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ പെട്രോളിയം കമ്പനിയായ ഷെൽ, പാറകൾക്കിടയിൽ നിന്നും ഷെൽ ഗ്യാസ് എന്ന പേരിൽ പെട്രോളിന് ബദൽ കണ്ടു പിടിച്ചു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതൊന്നും പെട്രോളിന് ബദലാകുമോയെന്ന് ശാസ്ത്ര ലോകം ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ല.
അതേസമയം, 2030ഓടു കൂടി ലോകത്തെ എണ്ണ വിപണിയുടെ മരണമണി മുഴങ്ങുമെന്ന് സ്‌റ്രാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ടോണി സെബ പറയുന്നു.ഈ കാലയളവിൽ ലോകത്തെ ഗതാഗത സംവിധാനത്തിന് വിപ്ലവകരമായ മാറ്റം വരുമെന്നും അദ്ദേഹം അടുത്തിടെ പുറത്തിറക്കിയ പഠനത്തിൽ പറയുന്നു. പെട്രോൾ ഡീസൽ കാറുകൾ ഇല്ലാതാകുന്നതിനൊപ്പം ലോകം വൈദ്യുതി ഇന്ധനമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും. ആറ് വർഷത്തിനുള്ളിൽ പെട്രോൾ ഡീസൽ കാറുകൾ ഇല്ലാതാകും. ഗത്യന്തരമില്ലാതെ വാഹന ലോകം വൈദ്യുതി ഇന്ധനമായ കാറുകളിലേക്കോ സമാനമായ മറ്റു സംവിധാനങ്ങളിലേക്കോ തിരിയുമെന്നും അദ്ദേഹം പറയുന്നു.
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വൻ വിലയാണ് ഉപഭോക്താക്കളെ ഇതിൽ നിന്നും അകറ്റുന്നത്. എന്നാൽ ഭാവിയിൽ കാറുകളും ബസുകളും ട്രക്കുകളും അടക്കമുള്ള വാഹനങ്ങൾ വൈദ്യുതി ഇന്ധനത്തിലേക്ക് നീങ്ങുമെന്നും ഇത് ഇത്തരം വാഹനങ്ങളുടെ നിർമ്മാണ ചെലവ് കുറക്കുമെന്നും ടോണി പറയുന്നു. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വില കുറയുന്നത് പെട്രോളിയം വിപണിയുടെ നട്ടെല്ലൊടിക്കുമെന്നും പഠനം വിലയിരുത്തുന്നു. 2024ൽ പെട്രോളിയം വില ബാരലിന് 25 യു.എസ് ഡോളറിലേക്കെത്തുമെന്നും ടോണി പ്രവചിക്കുന്നു.
അതേസമയം, പ്രമുഖ കാർ കമ്പനികളെല്ലാം തന്നെ ഇതിനോടകം തന്നെ വൈദ്യുതി ഇന്ധനമായ കാറുകളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. അടുത്ത വർഷം മാത്രം ഇന്ത്യയിൽ വിവിധ കമ്പനികളുടേതായി ഒമ്പത് മോഡലുകൾ ഇന്ത്യയിൽ ഇറങ്ങുമെന്നാണ് സൂചന. ഭാവിയിൽ പെട്രോളിയം ഉത്പന്നങ്ങൾ ഇന്ധനമായ ഇന്റേർണൽ കംപസ്‌റ്റ്ഷൻ എഞ്ചിനുകൾ ഉപയോഗിക്കുന്നത് നിർത്തുമെന്ന് വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ഇത് പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിച്ച് ശീലിച്ച വാഹന ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.