അഭിനയപ്രതിഭകളാൽ സമ്പുഷ്‌ടമാണ് മലയാള സിനിമ. പറയാൻ പേരുകൾ നിരവധിയുണ്ടെങ്കിലും വിസ്‌മരിക്കാൻ കഴിയാത്ത നാമമാണ് നെടുമുടി വേണു എന്ന മഹാപ്രതിഭയുടെത്. അമ്പലത്തിലെ ശാന്തി, ആശാരി, തയ്യൽക്കാരൻ, പള്ളീലച്ചൻ, അദ്ധ്യാപകൻ, ഭാഗവതർ തുടങ്ങിയ രാജാവായി വരെ വ്യത്യസ്‌ത ഭാവങ്ങളിൽ വേണു പ്രേക്ഷകന് മുന്നിലെത്തി. ഇത്രയധികം വൈവിധ്യമാർന്ന വേഷങ്ങൾ നെടുമുടി വേണുവിനോളം കൈകാര്യം ചെയ് ഒരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ വിരളമാണെന്ന് പറയാം.
എന്നാൽ താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ 90 ശതമാനവും കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് നെടുമുടി വേണു പറയുന്നു. ശരിക്കുള്ള കലാകാരൻ പൂർണതയ്‌ക്ക് വേണ്ടിയുള്ള നിരന്തരം അദ്ധ്വാനത്തിലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വേണു മനസു തുറന്നത്.
മലയാളത്തിൽ ഇത്രയധികം വേഷങ്ങൾ ചെയ്‌ത നടൻ എന്തുകൊണ്ടാണ് മറ്റുഭാഷകളിൽ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് നെടുമുടി വേണു നൽകിയ മറുപടി ഇതായിരുന്നു.- 'തമിഴിൽ നിന്ന് ഇപ്പോഴും നിരവധി അവസരങ്ങൾ വരുന്നുണ്ട്. എനിക്ക് മാത്രം ചെയ്യാൻ കഴിയുന്ന അഭിനയസാധ്യതകൾ ഉള്ള കഥാപാത്രങ്ങൾ വന്നാൽ മാത്രമേ മറ്റ് ഭാഷകളിൽ നിന്നുള്ള അവസരങ്ങൾ സ്വീകരിക്കാറുള്ളൂ. കമലഹാസൻ ഒരിക്കൽ പറഞ്ഞു, താങ്കൾ മലയാളത്തിൽ ഇനി എന്തു വേഷം ചെയ്‌തിട്ടും കാര്യമില്ല. തമിഴിലേക്ക് വരൂ, ഞാൻ നിങ്ങളുടെ പി.എ ആകാം എന്ന്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.
ദേശീയപുരസ്‌കാരം ഇതുവരെ തേടി വരാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നായിരുന്നു ഉത്തരം. അർഹതയുള്ളവർക്കും ഇല്ലാത്തവർക്കുമൊക്കെ അത്തരം അവാർഡുകൾ കിട്ടിയിട്ടുണ്ട്. പത്മശ്രീയ്‌ക്കു വേണ്ടി ഡൽഹിയിൽ പോയി ചിലരെയൊക്കെ കാണണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. അത് കേൾക്കുമ്പോൾ തന്നെ ചിരിവരുമെന്നും, അങ്ങനെ വാങ്ങിയ അവാർഡ് എങ്ങനെയാണ് അഭിമാനത്തോടെ മക്കളെയും പേരമക്കളെയും കാണിക്കുന്നതെന്നും നെടിമുടി വേണു ചോദിച്ചു.
അഭിമുഖത്തിന്റെ പൂർണരൂപം ജൂലായ് ലക്കം ഫ്ളാഷ് മൂവിസിൽ.