ന്യൂഡൽഹി: അക്രമികളെ നേരിടാൻ മുളക് സ്‌പ്രേ എങ്ങനെ ഉണ്ടാക്കാമെന്നും പ്രയോഗിക്കാമെന്നും യുവതികളെ പഠിപ്പിക്കുന്ന വനിതാ ഐ.പി.എസ് ഓഫീസറുടെ വീഡിയോ മാരക വൈറലാവുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ദിവസങ്ങൾക്കകം വൈറലായി. ഇപ്പോഴും നിത്യവും നൂറുകണക്കിന് പേരാണ് വീഡിയോ കാണുന്നത്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇതൊക്കെ പഠിപ്പിക്കാൻ തയാറായതെന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
സ്‌കൂൾ, കോളേജുകൾക്കു സമീപം അക്രമികളും സാമൂഹ്യവിരുദ്ധരും ഉണ്ടാവും. ഏതു സമയത്തും അവരെ പ്രതിരോധിക്കാൻ നാം തയാറായി ഇരിക്കണം. മുളകുപൊടി പ്രയോഗിച്ചു കഴിഞ്ഞാൽ പൊലീസിന് അവരെ പിടികൂടുക എളുപ്പമാകും. മുളകു സ്‌പ്രേ മാർക്കറ്റിൽ കിട്ടുമെങ്കിലും വില കൂടുതലായിരിക്കും. അതിനാൽ സ്വന്തമായി ഉണ്ടാക്കി പ്രയോഗിക്കാൻ പഠിക്കാം എന്നു പറഞ്ഞാണ് പരിശീലനം നൽകുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ സ്‌ത്രീകൾ പ്രതിരോധത്തിനായി ബാഗിൽ ആയുധങ്ങൾ കരുതാറുണ്ടെന്നും ഓഫീസർ യുവതികളോട് പറയുന്നുണ്ട്.
ഇന്ത്യൻ പൊലീസ് സർവീസ് എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുളക് സ്‌പ്രേ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഓഫീസർ ആരെന്ന് വ്യക്തമല്ല.