കോഴിക്കോട് : ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണവ്യാപാരിയുമായ കോഴിശേരി മജീദിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മജീദിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എ കെ ഷെബീനയാണ് കൊടുവള്ളി സി.ഐയ്ക്ക് പരാതി നൽകിയത്. തനിക്കും കുടംബത്തിനും സംരക്ഷണം നൽകണമെന്ന് ഷബീന പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൊടി സുനി തന്നെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് ഖത്തർ എംബസിക്ക് മജീദ് നേരത്തെ പരാതി നൽകിയിരുന്നു. സുനിയുടെ സുഹൃത്തിന്റെ കൈവശമുള്ള സ്വർണം രേഖയില്ലാതെ വാങ്ങാത്തതാണ് ഭീഷണിയ്ക്കു പിന്നിലെന്ന് മജീദ് പരാതിയിൽ ആരോപിച്ചു.
കഴിഞ്ഞമാസം 20-ന് 9207073215-എന്ന നമ്പറിൽ നിന്നായിരുന്നു ഫോൺവിളി എത്തിയത്. കണ്ണൂർ സ്വദേശി ഫെഫീക് എന്നയാളാണ് ആദ്യം വിളിച്ചത്. ഇയാൾ സ്വർണം വിൽക്കാനുണ്ടെന്നും അന്നത്തെ വിലയും മറ്റും ചോദിച്ചു. എന്നാൽ പൊലീസ് ക്ലിയറൻസ് റിപ്പോർട്ടും തിരിച്ചറിയൽ കാർഡും വേണമെന്ന് താൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആൾ വിളിച്ച് കൊത്തിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി ആവർത്തിച്ചതായും മജീദ് പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഭീഷണിയെത്തുടർന്ന് മജീദിന്റെ ഭാര്യയും മാതാവും ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.