കൊ
കൊച്ചി: വൈദ്യുത വാഹനങ്ങളിലേക്ക് ചുവടുമാറ്റാൻ കേരളം സജ്ജമാണെന്നും 2022ഓടെ സംസ്ഥാനത്ത് പത്തുലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന ഇ-മൊബിലിറ്റി കോൺഫറൻസ് ആൻഡ് എക്സ്പോ 'ഇവോൾവ് - 2019" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗതാഗത വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കേരളത്തിലെ പ്രഥമ ഇ-മൊബിലിറ്റി കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
2022ഓടെ രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങൾ, ആയിരം ചരക്കുവാഹനങ്ങൾ, അരലക്ഷം ത്രീവീലറുകൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ തുടങ്ങിയവയായിരിക്കും വൈദ്യുത ശ്രേണിയിൽ പുറത്തിറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുഗതാഗത രംഗത്ത് 100 ശതമാനം വൈദ്യുത വാഹനങ്ങളുള്ള നഗരമായി വൈകാതെ തിരുവനന്തപുരം മാറും. സംസ്ഥാനത്ത് വൈദ്യുത വാഹന മേഖലകളും (ഇ.വി. സോണുകൾ) പരിഗണനയിലാണ്. മൂന്നാർ, കോവളം, ബേക്കൽ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സെക്രട്ടറിയേറ്റ്, ടെക്നോപാർക്ക്, ഇൻഫോപാർക്ക് തുടങ്ങിയവയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും.
വൈദ്യുത ഓട്ടോറിക്ഷകൾ നിർമ്മിക്കാൻ രാജ്യത്ത് ആദ്യമായി അനുമതി ലഭിച്ച സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡുമായി (കെ.എ.എൽ) ചേർന്ന് കെ.എസ്.ആർ.ടി.സിക്കായി 3,000 ഇലക്ട്രിക് ബസുകൾ പുറത്തിറക്കും. സ്വിസ് നിക്ഷേപത്തോടെയാണിത്. ഈ രംഗത്ത്, വിദേശ നിക്ഷേപം ലഭിക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിത്. കെ.എ.എൽ പ്രതിവർഷം 8,000 ഓട്ടോറിക്ഷകൾ നിർമ്മിക്കുന്നതിന് പുറമേയാണിത്.
സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കാനായി, മൂന്ന് പ്രധാന നഗരങ്ങളിൽ 'മെട്രോപൊളീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി"കൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. ആറു നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ച ഹരിത ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ തന്നെ ബദൽ സ്രോതസുകളെ കുറിച്ച് കേരളം ചിന്തിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്, രാജ്യത്ത് ആദ്യമായി കേരളം വൈദ്യുത വാഹന നയം രൂപീകരിച്ചത്.
ഇതിന്റെ ഭാഗമായി സി.എൻ.ജി., എൽ.എൻ.ജി ഉപയോഗം സംസ്ഥാനത്ത് തുടങ്ങി. കൊച്ചിയിൽ അഞ്ച് സി.എൻ.ജി സ്റ്റേഷനുകൾ കുറന്നു. രാജ്യത്താദ്യമായി എൽ.എൻ.ജി ബസ്, സോളാർ ബോട്ട്, ഇലക്ട്രിക് ബോട്ട് എന്നിവയ്ക്കും കേരളമാണ് തുടക്കമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇടപ്പള്ളിയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെയും ദക്ഷിണേന്ത്യയിലെ രണ്ടാമത്തെയും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ, തിരുവനന്തപുരത്തെ സെന്റർ ഒഫ് എക്സലൻസ് എന്നിവയുടെ വിർച്വൽ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
വൈദ്യുത വാഹന നിർമ്മാണത്തിനുള്ള ധരണാപത്രം ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കൈമാറി. വൈദ്യുത വാഹന സബ്സിഡിക്കുള്ള ആദ്യ അപേക്ഷ മുഖ്യമന്ത്രി സ്വീകരിച്ചു. ഹൈബി ഈഡൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് മുഖ്യപ്രഭാഷണം നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ തുടങ്ങിയവർ സംസാരിച്ചു.
കേരളം 'ചാമ്പ്യൻ" ആകണം: അമിതാഭ് കാന്ത്
മൊബൈൽ ഫോൺ, സെമികണ്ടക്ടറുകൾ, സോളാർ എന്നിവയുടെ മാനുഫാക്ചറിംഗ് കേന്ദ്രമാകാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയെന്നും എന്നാൽ, ഇലക്ട്രിക് വാഹന രംഗത്ത് ഇന്ത്യയായിരിക്കണം മാനുഫാക്ചറിംഗ് ഹബ്ബെന്നും നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം എന്നിവയിലെന്ന പോലെ ഇലക്ട്രിക് ഗതാഗത രംഗത്തും കേരളമായിരിക്കണം ഇന്ത്യയെ നയിക്കേണ്ടത്. മാനുഫാക്ചറിംഗിൽ കേരളമായിരിക്കണം ചാമ്പ്യൻ. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ ആനുകൂല്യങ്ങൾ കേന്ദ്രം നൽകുന്നുണ്ട്. വൈദ്യുത വാഹന രംഗത്ത് വിപ്ളവത്തിന് തുടക്കമിട്ട കേരളവുമായി എല്ലാതലത്തിലും സഹകരിക്കാൻ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.