ഒസാക്ക (ജപ്പാൻ): ബാങ്ക് വായ്പാ തട്ടിപ്പ് ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു ശേഷം രാജ്യം വിടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ, ഇത്തരം കുറ്റവാളികളെ കൈകാര്യം ചെയ്യാൻ എല്ലാ രാജ്യങ്ങളും ശക്തമായ നിയമനിർമ്മാണം നടത്തണമെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതിവെട്ടിപ്പ്, അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്നും, ആഗോളസമൂഹം എന്ന നിലയിൽ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ഉച്ചകോടിയുടെ സമാപന ശേഷം, പ്രധാനമന്ത്രി ഉന്നയിച്ച വിഷയങ്ങൾ മാധ്യമപ്രവർത്തകരോടു വിശദീകരിച്ച ഇന്ത്യൻ പ്രതിനിധി സുരേഷ് പ്രഭു പറഞ്ഞു.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച ഒസാക്ക പ്രഖ്യാപനത്തിൽ ഇന്ത്യ പങ്കാളിയാകാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, അതിന്റെ കാരണങ്ങൾ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ അറിയിച്ചിട്ടുണ്ടെന്ന് സുരേഷ് പ്രഭു മറുപടി നൽകി. അതേസമയം, ഇന്ത്യ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ വിശ്വാസമർപ്പിക്കുന്നതായും, രാജ്യത്ത് ഡിജിറ്റൽ ബാങ്ക് ഇടപാടുകൾ വർദ്ധിച്ചുവരുന്നുണ്ടെന്നും പ്രഭു ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, കാർഷിക പ്രതിസന്ധി, മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതി തുടങ്ങിയ വിഷയങ്ങൾ ഇന്ത്യ സുസ്ഥിര സാമ്പത്തിക ഉച്ചകോടിയിൽ ഉന്നയിച്ചു. സുസ്ഥിര വികസനത്തിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പങ്കിനെക്കുറിച്ചും ഉച്ചകോടിയിൽ പ്രധാനമന്ത്രി സംസാരിച്ചതായി സുരേഷ് പ്രഭു പറഞ്ഞു.