us

വാഷിംഗ്ടൺ: ഇറാനുമായുള്ള തർക്കം രൂക്ഷമായി നിലനിൽക്കെ, ഖത്തറിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് അമേരിക്കയുടെ പ്രകോപനം. റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കാൻ കഴിവുള്ള എഫ്-22 റാപ്റ്റർ യുദ്ധവിമാനങ്ങളാണ് ഇതാദ്യമായി ഖത്തറിൽ വിന്യസിച്ചിട്ടുള്ളത്. മേഖലയിൽ അമേരിക്കയുടെ സേനയെയും താത്പര്യങ്ങളെയും സംരക്ഷിക്കാനാണ് വിമാനങ്ങൾ അയച്ചതെന്നാണ് അമേരിക്കൻ വ്യോമസേന വൃത്തങ്ങൾ വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ വിശദീകരണം. അതേസമയം, എത്ര വിമാനങ്ങളാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. എന്നാൽ, വ്യോമസേന പുറത്തുവിട്ട ചിത്രത്തിൽ, അഞ്ച് എഫ് - 22 വിമാനങ്ങൾ ഖത്തർ തലസ്ഥാനമായ ദോഹയിലെ അൽ ഉദൈദ് എയർബേസിന് മുകളിൽ പറക്കുന്നതായാണ് ഉള്ളത്.

ഇറാന് സമീപം അമേരിക്ക യുദ്ധക്കപ്പലുകളെയും നാവികസേന ഉദ്യോഗസ്ഥരെയും നേരത്തെ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആകാശത്തും യുദ്ധവിമാനങ്ങളെ അയച്ച് അമേരിക്കയുടെ പകപോക്കൽ.

ഒമാൻ കടലിടുക്കിൽവച്ച് രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും ഇറാനത് നിഷേധിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ വ്യോമാതിർത്തി ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഇറാൻ വെടിവച്ചിട്ടിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന് മുകളിൽക്കൂടി സഞ്ചരിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു. 2015ലെ അമേരിക്ക - ഇറാൻ ആണവകരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഉടലെടുത്തത്.

അമേരിക്കയുടെ തുറുപ്പുഗുലാൻ

 ഒരാൾക്കുമാത്രം ഇരിക്കാവുന്ന, ഇരട്ട എൻജിനോടുകൂടിയ അഞ്ചാംതലമുറ യുദ്ധവിമാനമാണ് റാപ്ടർ.

 105 കോടി രൂപയാണ് ഒരു റാപ്ടർ യുദ്ധവിമാനത്തിന്റെ വില.

 റഡാർ സിഗ്നലുകളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ശേഷി

 നിലത്തിറങ്ങിയുള്ള ആക്രമണങ്ങൾക്കും ഉപയോഗയോഗ്യം