remesh

കണ്ണൂർ: ദുബായിലെ പ്രവാസി വ്യവസായിയായ കണ്ണൂർ പന്നേൻപാറ 'രാരീര'ത്തിൽ ഡി.കെ. രമേശിന്റെ ഏറെനാളത്തെ സ്വപ്നമായിരുന്നു നാട്ടിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും 26 കോടിയുടെ ആ പദ്ധതിക്ക് അനുമതി നൽകിയില്ല. നിർമ്മാണാനുമതി നൽകേണ്ട അധികാരികളും കൈക്കൂലിമോഹികളായ രാഷ്‌ട്രീയക്കാരും ചേർന്ന്‌ ഈ പ്രവാസിയുടെ സ്വപ്നവും അടിച്ചുടച്ചു.

അര ഏക്കറിൽ 50 ലക്ഷം രൂപ ചെലവിട്ട് മതിലും മറ്റ് പ്രാരംഭ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതാണ്. അഞ്ച് കൊല്ലമായി ആ സ്ഥലം കാടുപിടിച്ചു കിടക്കുന്നു. ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി കിട്ടാതെ ജീവനൊടുക്കിയ സാജന്റെ വഴിയിൽ രമേശും വീഴുമായിരുന്നു, സുഹൃത്തുക്കളും നാട്ടുകാരും ധൈര്യം നൽകിയില്ലായിരുന്നെങ്കിൽ...

2015-ലാണ് താഴെ ചൊവ്വ ബൈപ്പാസിൽ രമേശ് ഹോട്ടലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. 200 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും ജോലി നൽകാനാവുന്ന ഹോട്ടൽ,​ കണ്ണൂർ വിമാനത്താവളത്തിനൊപ്പം പൂർത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. വിമാനത്താവള പരിസരത്തൊന്നും പഞ്ചനക്ഷത്ര ഹോട്ടൽ ഇല്ല. അനുമതി കിട്ടിയിരുന്നെങ്കിൽ രമേശിന്റെ ഹോട്ടൽ ഇതിനകം യാഥാർത്ഥ്യമായേനെ.

നിർമ്മാണ അനുമതിക്കായി അന്നത്തെ എളയാവൂർ പഞ്ചായത്ത് അധികാരികളെ കണ്ടപ്പോൾ അര സെന്റ് തണ്ണീർത്തടമാണെന്നായിരുന്നു വിശദീകരണം. തൊട്ടടുത്ത് മാനം മുട്ടുന്ന ആറ് ഫ്ലാറ്റ് സമുച്ചയങ്ങളുണ്ട്. അവയ്ക്കൊന്നും ബാധകമല്ലാത്ത തണ്ണീർത്തടമോ? രമേശ് ചോദിച്ചു. അതൊന്നും നിങ്ങൾ അറിയണ്ട, അതു പരിശോധിക്കാനാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നതെന്നായി അധികൃതർ. അവരുടെ മർക്കടമുഷ്‌ടിയിൽ അനുമതി വൈകുമെന്ന് തോന്നിയ രമേശ് ഹൈക്കോടതിയെ സമീപിച്ചു. ഒന്നര മാസത്തിനകം അനുമതി നൽകണമെന്ന് കോടതി ഉത്തരവിട്ടു. എന്നിട്ടും ഫലമുണ്ടായില്ല. കൈക്കൂലി നൽകിയാലേ എന്തെങ്കിലും നടക്കൂ. പക്ഷേ,​ ലക്ഷങ്ങൾ പടി നൽകിയിട്ടും അനുമതി കിട്ടിയില്ല.

2015 അവസാനം കണ്ണൂർ കോർപ്പറേഷൻ രൂപീകൃതമായപ്പോൾ സ്ഥലം കോർപ്പറേഷൻ പരിധിയിലായി. രമേശ് മേയറെ ഉൾപ്പെടെ കണ്ടിട്ടും ഫലമുണ്ടായില്ല. കടലാസ് നീക്കാൻ 15 ലക്ഷം രൂപയാണ് ഒരു നേതാവ് ചോദിച്ചത്. ശതകോടികളുടെ പദ്ധതികൾക്ക് ഒറ്റദിവസം കൊണ്ട് അനുമതി നൽകുന്നതാണ് ദുബായിലെ നിയമങ്ങൾ. ഇവിടെയോ? ഇനിയും കൈക്കൂലി കൊടുത്ത് ഹോട്ടൽ പണിയേണ്ടെന്ന് രമേശിന് തീരുമാനിക്കേണ്ടിവന്നു. സ്വപ്നപദ്ധതിക്ക് അവധി നൽകി ദുബായിലേക്ക് മടങ്ങി.

രമേശ് പറയുന്നു:

പഞ്ചായത്ത് അനുമതി തന്നിരുന്നെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ ഹോട്ടൽ പൂർത്തിയാകുമായിരുന്നു. ആവശ്യമില്ലാത്ത ഉടക്കു പറഞ്ഞ് എന്നെ വട്ടംകറക്കി. അധികാരികൾക്കും രാഷ്ട്രീയക്കാർക്കും പ്രവാസികളെ വലയ്ക്കുന്നത് ‌ ക്രൂരവിനോദമാണ്. സ്വന്തമായി അദ്ധ്വാനിച്ച് പണമുണ്ടാക്കുന്നവനേ അതിന്റെ വിലയറിയൂ. പ്രവാസികളെ എങ്ങനെയും ചൂഷണം ചെയ്യാനാണ് അവരെല്ലാം നോക്കുന്നത്.