കോപ്പ അമേരിക്ക:അർജന്റീന സെമിയിൽ
മാറക്കാന:കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ സെമിയിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രസീൽ VS അർജന്റീന ക്ലാസിക്ക് പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഇന്നലെ നടന്ന ക്വാർട്ടറിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകളുകൾക്ക് അർജന്റീന വെനിസ്വേലയെ കീഴടക്കിയതോടെയാണ് സ്വപ്ന പോരാട്ടത്തിന് കേളികൊട്ടുയർന്നത്. ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ആറ് മണിക്കാണ് അർജന്റീന - ബ്രസീൽ സെമി ഫൈനൽ. മറ്റൊരു ക്വാർട്ടറിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി കൊളംബിയയും സെമിയിൽ എത്തിയിട്ടുണ്ട്.
മാറക്കാന വേദിയായ ക്വാർട്ടർ പോരിൽ ലൗട്ടാറോ മാർട്ടിനസും ജിയോവാനി ലോ സെൽസോയുമാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്.
മത്സരത്തിൽ ബാൾ പൊസഷനിലും പാസിംഗിലും വെനിസ്വേലയായിരുന്നു മുന്നിട്ട് നിന്നതെങ്കിലും ലക്ഷ്യത്തിലേക്കെടുത്ത ഷോട്ടുകളിൽ മുൻതൂക്കം അർജന്റീനയ്ക്കായിരുന്നു. പത്താം മിനിറ്റിൽ തന്നെ മാർട്ടിനസ് അർജന്റീനയ്ക്ക് ലീഡ് നേടിക്കൊടുത്തു. കോർണർ ക്ലിയർ ചെയ്തതിൽ വെനിസ്വേലൻ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് അർജന്റീനയ്ക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. മെസിയെടുത്ത കോർണർ വെനിസ്വേലയുടെ പ്രതിരോധത്തിന് ക്ലിയർ ചെയ്യാനായില്ല. പന്ത് കിട്ടിയ അഗ്യൂറോ തൊടുത്ത തകർപ്പൻ ഷോട്ട് മാർട്ടിനസ് അതിമനോഹരമായി ബാക്ക് ഹീൽ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഗോൾ വഴങ്ങിയിട്ടും പതറാതെ കളിച്ച വെനിസ്വേല തിരിച്ചടിക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ രണ്ട് തവണ വെനിസ്വേല ഗോളിന് തൊട്ടരികിൽ വരെയെത്തിയെങ്കിലും ഗോൾ കീപ്പർ അർമാനിയുടെ തകർപ്പൻ സേവുകൾ അർജന്റീനയ്ക്ക് തുണയാവുകയായിരുന്നു. 74-ാം മിനിട്ടിൽ രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ ലോ സെൽസോ അർജന്റീനയുടെ വിജയമുറപ്പിച്ച ഗോൾ നേടി. അഗ്യൂറോ തന്നെയായിരുന്നു ഈ ഗോളിനും പിന്നിൽ. പെനാൽറ്രി ബോക്സിന് തൊട്ടരുകിൽ വച്ച് അഗ്യൂറോ തൊടുത്ത ശക്തമായൊരു വലങ്കാലൻ ഗ്രൗണ്ടർ വെനിസ്വേലൻ ഗോളി ഫാരിനസ് തട്ടിയകറ്റിയെങ്കിലും തൊട്ടുമുന്നിലുണ്ടായിരുന്ന സെൽസോ റീബൗണ്ട് പിടിച്ചെടുത്ത് പന്ത് വലയ്ക്കകത്താക്കുകയായിരുന്നു.
കൊളംബിയയെ
കരയിച്ച് ചിലി
മറ്രൊരു ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്രി ഷൂട്ടൗട്ടിൽ കീഴടക്കി ചിലിയും സെമിയിൽ കടന്നു. ടൂർണമെന്റിൽ കൊളംബിയയുടെ ആദ്യ സെമിയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമും ഗോളൊന്നും നേടാതിരുന്നതിനാലണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ്, എഡ്വിൻ കാർഡോണ, ജുവാൻ ക്വാർഡ്രാഡോ, യാറി മിന, എന്നിവരുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിയപ്പോൾ അവസാന കിക്കെടുക്കാനെത്തിയ വില്യം ടെസില്ലോയ്ക്ക് പിഴയ്ക്കുകയായിരുന്നു. ചിലിക്കായി കിക്കെടുത്ത ആർട്ടുറോ വിദാൽ, എഡ്വാർഡോ വർഗാസ്, എറിക്ക് പുൾഗാർ, ചാൾസ് അരഗുനിസ്, അലക്സിസ് സാഞ്ചസ് എന്നിവർ കൃത്യമായി ലക്ഷ്യം കണ്ടു. ടൂർണമെന്റിൽ കൊളംബിയയുടെ ആദ്യത്തെ തോൽവിയാണിത്.