kamal-nath

ഇൻഡോർ: ബി.ജെ.പിയെ വെല്ലുവിളിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രംഗത്ത്. ധെെര്യമുണ്ടെങ്കിൽ തന്റെ സർക്കാരിനെ അട്ടിമറിക്കണമെന്ന് കമൽനാഥ് വെല്ലുവിളിച്ചു. ബി.ജെ.പി നേതാക്കളുടെ തെറ്റായ അവകാശവാദങ്ങൾക്കെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു. നേരത്തെ മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌ വർഗീയയും കോൺഗ്രസ് സർക്കാരിനെ എപ്പോൾ വേണമെങ്കിലും അട്ടിമറിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കമൽനാഥ് രംഗത്തെത്തിയത്.

ബി.ജെ.പിക്ക് ധൈര്യമുണ്ടെങ്കിൽ തന്റെ സർക്കാരിനെ അട്ടിമറിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ തെറ്റായ വാദങ്ങൾ ഉയർത്തി അതിൽ രക്ഷ തേടുകയല്ല വേണ്ടതെന്നും കമൽനാഥ് പറഞ്ഞു. എന്തിനാണ് എന്റെ സർക്കാരിനോട് ബി.ജെ.പി നേതാക്കള്‍ കരുണ കാണിക്കുന്നത്?. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് കോൺഗ്രസിന്റേത്. പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ വേണ്ടിയാണ് ബി.ജെ.പി നേതാക്കളുടെ ഇത്തരം വാദങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.