കൊട്ടിയം: കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. ചവറ പന്മന വാഴയിൽ വില്ലയിൽ റഷീദിന്റെയും സൈറാബാനുവിന്റെയും മകൻ ഖൈസ് റഷീദാണ് (18) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കൊല്ലം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു സംഭവം.
വെള്ളിയാഴ്ച വൈകിട്ടാണ് ചവറയിലെ പാതയോരത്ത് ഇയാൾ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. മുറിവേറ്റ് പാതയോരത്ത് കിടന്ന വിദ്യാർത്ഥിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്‌തതിനെ തുടർന്ന് ഖൈസ് റഷീദിനെ ഇന്നലെ രാവിലെ മുറിയിലേക്ക് മാറ്റിയിരുന്നു. കൗൺസലിംഗ് വിദഗ്ദ്ധനും ജീവനക്കാരും മുറിയിലെത്തിയപ്പോൾ വിദ്യാർത്ഥിയുടെ ആവശ്യ പ്രകാരം മാതാവിനെ മുറിക്ക് പുറത്തിറക്കി. ബന്ധുവായ ഒരു യുവാവ് മാത്രമാണ് മുറിയിൽ ജീവനക്കാർക്ക് പുറമെ ഉണ്ടായിരുന്നത്. കൗൺസലിംഗ് നടന്നു കൊണ്ടിരിക്കെ മുറിയിലുണ്ടായിരുന്നവരെ തട്ടിമാറ്റിയ ശേഷം ഇയാൾ ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനടുത്തേക്ക് വീണ ഖൈസിന് ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പത്താം ക്ലാസ് വരെ വിദേശത്ത് പഠനം നടത്തിയ ഖൈസ് എൻട്രൻസ് പരിശീലനവും പ്ലസ് ടുവും പൂർത്തീകരിച്ചത് പാലായിലാണ്.എൻട്രൻസ് റിപ്പീറ്റ് കോഴ്സിനായി കോട്ടയത്തെ സ്ഥാപനത്തിൽ വീണ്ടും ചേർന്നു. അവിടെ നിന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയ ഖൈസിനെ പിന്നീട് പാതയോരത്ത് കഴുത്ത് മുറിച്ച നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്. പൊലീസ് ആദ്യം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് വിദഗദ്ധ ചികിത്സയ്ക്കായാണ് കൊല്ലത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.