ചണ്ടീഗഢ്: കോൺഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റു മരിച്ച സംഭവത്തിൽ ഹരിയാനയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ ഭാര്യയും വീട്ടുജോലിക്കാരനും അറസ്റ്റിൽ. ഗുണ്ടാതലവൻ കൗശാലിന്റെ ഭാര്യ റോഷിനി, സഹായി നരേഷ് എന്നിവരെയാണ് ഫരീദാബാദിൽ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. വികാസിനെ കൊലപ്പെടുത്തിയവർക്ക് ആയുധങ്ങൾ വിതരണം ചെയ്തത് ഇവരാണെന്ന് എ.ഡി.ജി.പി നവദീപ് സിംഗ് വിർക്ക് അറിയിച്ചു. ഫരീദാബാദ് ജില്ലയിലെ ധൻവാപുർ സ്വദേശി വികാസ് അഥവാ ഭല്ലാ, ഖേരി സ്വദേശി സച്ചിൻ എന്നിവരാണ് വികാസ് ചൗധരിയെ വെടിവച്ചതെന്നാണ് വിവരം. ഇവരോടൊപ്പം മറ്റു രണ്ടുപേരും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫരീദാബാദിലെ ജിമ്മിനു പുറത്ത് പാർക്കിംഗ് സ്ഥലത്തുവച്ച് വികാസിന് വെടിയേറ്റത്. സംഭവസ്ഥലത്തുവച്ചു തന്നെ വികാസ് മരിച്ചു. സാമ്പത്തിക കാര്യങ്ങളിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹരിയാന പൊലീസ് വ്യക്തമാക്കി.