കൊച്ചി∙ ചിലർക്ക് സോഷ്യൽ മീഡിയയോടുള്ള ആസക്തി ലഹരിയായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സൈബർ അടിമകൾക്കുള്ള ചികിത്സാകേന്ദ്രങ്ങളെക്കുറിച്ച് കേരളം ചിന്തിച്ചുതുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടിയിൽ മേരിപോൾ സ്മാരക വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. കുറ്റകൃത്യങ്ങൾക്കുള്ള മാർഗമായി സോഷ്യൽ മീഡിയ മാറി. എല്ലാത്തിന്റെയും ഗുണദോഷങ്ങൾ പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ കഴിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്തരിച്ച മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡി.ബാബുപോളും സഹോദരൻ റോയ്പോളും ചേർന്നു അമ്മയുടെ സ്മരണയ്ക്കായി നിർമിച്ചതാണു വായനശാല. എൽദോസ് കുന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, മുൻ എം.എൽ.എ സാജു പോൾ എന്നിവരും പങ്കെടുത്തു.