മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം ജൂൺ 21ന് സമാപിച്ച വാരത്തിൽ സർവകാല റെക്കാഡ് ഉയരത്തിലെത്തി. 420 കോടി ഡോളർ ഉയർന്ന് 42,642 കോടി ഡോളറാണ് വിദേശ നാണയ ശേഖരം. 2018 ഏപ്രിൽ 13ന് കുറിച്ച 42,608 കോടി ഡോളറിന്റെ റെക്കാഡാണ് പഴങ്കഥയായത്.
റിസർവ് ബാങ്ക് സംഘടിപ്പിച്ച ഡോളർ-റുപ്പി വച്ചുമാറൽ (കറൻസി സ്വാപ്പിംഗ്) നടപടികളാണ് റെക്കാഡ് കുതിപ്പിന് സഹായകമായത്. വിപണിയിൽ പണലഭ്യത കൂട്ടുന്ന നടപടികളുടെ ഭാഗമായിട്ടായിരുന്നു സ്വാപ്പിംഗ്. ഇന്ത്യയുടെ കരുതൽ സ്വർണശേഖരം കഴിഞ്ഞവാരം 2,295.8 കോടി ഡോളറിൽ മാറ്റമില്ലാതെ നിന്നു. അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐ.എം.എഫ്) ഇന്ത്യയുടെ കരുതൽ ധനം 96 കോടി ഡോളർ ഉയർന്ന് 335.4 കോടി ഡോളറായി. ഐ.എം.എഫിൽ നിന്നുള്ള പ്രത്യേക പണം പിൻവലിക്കൽ അവകാശം (സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്സ്) 42 കോടി ഡോളർ വർദ്ധിച്ച് 145.3 കോടി ഡോളറിലെത്തി.
$42,642 കോടി
വിദേശനാണയ ശേഖരം ഇപ്പോൾ $42,642 കോടി
ധനക്കമ്മി 52%
കവിഞ്ഞു
കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ രണ്ടുമാസക്കാലയളവിൽ തന്നെ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 52 ശതമാനം കവിഞ്ഞു. ഏപ്രിൽ-മേയിൽ 3.66 ലക്ഷം കോടി രൂപയാണ് ധനക്കമ്മി.
കറന്റ് അക്കൗണ്ട്
കമ്മിയിൽ ആശ്വാസം
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരം) 2018-19 സാമ്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ ജി.ഡി.പിയുടെ 0.7 ശതമാനമായി കുറഞ്ഞു. തൊട്ടു മുൻവർഷത്തെ സമാന കാലയളവിൽ ഇത് 1.8 ശതമാനമായിരുന്നു.