പൂച്ചാക്കൽ : കേരളകൗമുദി ഏജന്റിന് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. മണപ്പുറം പുളിക്കൽ വീട്ടിൽ പുഷ്പശരനാണ് 80 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചത്. കാൽ നൂറ്റാണ്ടിലേറെയായി കേരളകൗമുദി മാക്കേക്കടവ് ഏജന്റായ പുഷ്പശരൻ മാക്കേക്കടവിൽ ഗുരുനാഥൻ ലക്കി സെന്റർ എന്ന പേരിൽ ലോട്ടറി ഏജൻസി നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം മിച്ചംവന്ന മൂന്ന് ലോട്ടറി ടിക്കറ്റുകളിലൊന്നാണ് സമ്മാനാർഹമായത്. രജിസ്‌ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പുഷ്പശരൻ വിരമിച്ച ശേഷം പൊതുപ്രവർത്തനങ്ങളിലും സജീവമാണ്. മാക്കേക്കടവ് 503-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ്. സി.പി.ഐ ലോക്കൽ കമ്മറ്റിയംഗം എ.കെ.ഡി.എസ് മണപ്പുറം ശാഖ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതി. മൂന്ന് മക്കളുണ്ട്. മൂത്ത മകൻ ഷിബു മത്സ്യത്തൊഴിലാളിയും മകൾ ഷിജി ആശ വർക്കറുമാണ്. ഇളയ മകൻ ഷിലേഷ് പുഷ്പശരനൊപ്പം ലോട്ടറി വിൽക്കുകയാണ്.