yathish-chandra-

തൃശൂർ: കേരളത്തിലെ മന്ത്രിമാരെ പുകഴ്ത്തി തൃശൂർ പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര. ഇതുപോലെ ചാക്കുചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കർണാടകയിൽ കാണാൻ സാധിക്കില്ല. ഒരു കൂലിപ്പണിക്കാരൻ ചെയ്യേണ്ട ജോലി പോലും നാടിന് വേണ്ടി ചെയ്യാൻ തയ്യാറായ മന്ത്രിമാർ കേരളത്തിലേ കാണൂ. നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. തൃശൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന യോഗത്തിലായിരുന്നു യതീഷ് ചന്ദ്രയുടെ ഇങ്ങനെ പറഞ്ഞത്.

പ്രളയകാലത്ത് തൃശൂരിലെ മൂന്നുമന്ത്രിമാരുടെ പ്രവർത്തനത്തെക്കുറിച്ചായിരുന്നു യതീഷ് ചന്ദ്രയുടെ പരാമർശം. കൺട്രോൾ റൂമിൽ കളക്ടർ ടി.വി.അനുപമയ്ക്കും കമ്മിഷണർക്കും ഒപ്പം തൃശൂരിലെ മൂന്നു മന്ത്രിമാരുമുണ്ടായിരുന്നു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ,​ എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ് എന്നിവർ. പ്രളയത്തിനിടെ സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള ള നിരവധി കോളുകൾ വരുന്നുണ്ട്. ഓരോ കോളും അറ്റൻഡ് ചെയ്ത് സഹായിക്കാൻ മന്ത്രിമാർ രാവുംപകലും കളക്ടർക്കും കമ്മിഷണർക്കും നിർദ്ദേശം നൽകികൊണ്ടിരുന്നു.

ആറാട്ടുപുഴയിൽ കരുവന്നൂർ പുഴ വഴിമാറി ഒഴുകിയപ്പോൾ മണൽചാക്ക് ചുമന്ന് നാട്ടുകാരെ സഹായിച്ച മന്ത്രി വി.എസ്.സുനിൽകുമാറിനെക്കുറിച്ചും യതീഷ് ചന്ദ്ര പ്രത്യേകം പരാമർശിച്ചു.