v-muraleedharan

കേന്ദ്രമന്ത്രിയായത് മുതൽ തന്റെ പ്രവർത്തനത്തിലൂടെ കയ്യടി നേടിയ നേതാവാണ് വി. മുരളീധരൻ. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്‌ത് ദുബായിലെ ഡാൻസ് ബാറിലെത്തിച്ച നാല് പെൺകുട്ടികളെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ഇടപെടലിലൂടെ രക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമായിരുന്നു.

ഒരു മലയാളി യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച മുരളീധരന്റെ ഒരു ട്വീറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദുബായിൽ തൊഴിൽരഹിതനായ മലയാളി യുവാവിന്റെ ജീവിതം തന്നെ രക്ഷപ്പെട്ടത് മുരളീധരന്റെ പ്രവർത്തനത്തിലൂടെയാണ്. ജുമൈറയിലെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു തൃശ്ശൂർ സ്വദേശി രാജേഷ്. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറിയതോടെ പ്രതിസന്ധിയിലായി. രാജേഷിന്റെ പാസ്‌പോർട്ട് കമ്പനി പിടിച്ചുവച്ചു. യുവാവ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

'കഴിഞ്ഞ ആറു മാസമായി ദുബായിൽ ശമ്പളമില്ലാതെ കഷ്ടപ്പെടുകയാണ്. നാല് മാസമായി മുറിയിൽ വൈദ്യുതി പോലുമില്ല. എന്റെ കയ്യിൽ‌ പാസ്പോർട്ടില്ല. എനിക്ക് ഇന്ത്യയിലേക്ക് മടങ്ങണം. ആരെങ്കിലും സഹായിക്കണം. ഇൗ ട്വീറ്റിനോട് ആരെങ്കിലും ഒന്നു പ്രതികരിക്കണേ.. അപേക്ഷയാണ്..’ രാജേഷ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ട്വീറ്റിന് യാതൊരു പ്രതികരണവും ഉണ്ടായില്ല. പിന്നീട് വി.മുരളീധരന്റെ ഒരു ട്വിറ്റർ സന്ദേശത്തിന്റെ മറുപടിയായി തന്റെ ട്വീറ്റ് രാജേഷ് റീട്വീറ്റ് ചെയ്തു.

ഇക്കാര്യം മുരളീധരന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടനെ തന്നെ പ്രശ്നത്തിൽ ഇടപെട്ട മുരളീധരൻ അദ്ദേഹത്തിന് അടിയന്തിര സഹായം നൽകാൻ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും ഇന്ത്യൻ എംബസിക്കും നിർദേശം നൽകി. ഇതേ തുടർന്ന് നിരവധി ജോലി വാഗ്ദാനങ്ങളാണ് രാജേഷിനെ തേടിയെത്തിയത്.