kohli

ലോകകപ്പിൽ ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടം ഇന്ന്

ബിർമിംഗ്ഹാം: ലോകകപ്പിൽ ഇന്ന് ഏകദിനത്തിലെ മുൻനിര റാങ്കുകാരായ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സൂപ്പർ പോരാട്ടം. ഇന്ത്യയെക്കാൾ ഇംഗ്ലണ്ടിനാണ് ഇന്നത്തെ മത്സരം നിർണായകം. സെമി പ്രതീക്ഷകൾ നിലനിറുത്താൻ ഇംഗ്ലണ്ടിന് ഈ മത്സരം ജയിക്കേണ്ടത് അത്യാവശ്യാമാണ്. ബിർമിംഗ്ഹാമിലെ എ‌ഡ്ജ്‌ബാസ്റ്റണിൽ ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം. പുതിയ എവേ ജേഴ്സിയിട്ടാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങുക

ജയം തുടരാൻ

ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരവും തോക്കാത്ത ഏകടീമായ ഇന്ത്യ ഇന്നും വിജയം തുടരാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുന്നത്. 6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ഇന്ത്യ നിലവിൽ രണ്ടാമതാണ്. മറ്റു ടീമുകളെക്കാൾ കുറച്ച് മത്സരമേ കളിച്ചിട്ടിള്ളൂവെന്നതിനാൽ ഇന്ന് സമ്മർദ്ദമില്ലാതെ കളിക്കാൻ ഇന്ത്യയ്ക്ക് കഴിയും. കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച ടീമിൽ മാറ്രമുണ്ടാകുമോയെന്നതാണ് എല്ലാവരും ആകാംഷയോടെ നോക്കുന്നത്. ഇതുവരെ താളം കണ്ടെത്താത്ത വിജയ് ശങ്കറിന് പകരം റിഷഭ് പന്തിന് അവസരം കിട്ടുമോയെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അതേസമയം ശങ്കർ ഇന്നും കളിച്ചേക്കും എന്ന സൂചനയാണ് ഇന്നലെ പത്രസമ്മേളനത്തിൽ നായകൻ വിരാട് കൊഹ്‌ലി നൽകിയത്. തലവേദനായായി തുടരുന്ന നാലാം നമ്പറിൽ വിജയ്ക്ക് ഇനിയും അവസരം നൽകണമോയെന്ന് പലകോണുകളിൽ നിന്ന് ചോദ്യങ്ങളുയരുന്നുണ്ട്. പന്തും കാർത്തിക്കും നെറ്ര്‌സിൽ ഇന്നലെ ഏറെ നേരെ പരിശീലനം നടത്തിയിരുന്നു. ഭുവനേശ്വർ പരിക്കിൽ നിന്ന് മുക്തനായെങ്കിലും ഷമി മികച്ചഫോമിൽ തുടരുന്നതിനാൽ ഇന്നും കളിക്കാൻ സാധ്യത കുറവാണ്. ഭുവനേശ്വർ വന്നാൽ ബാറ്രിംഗിൽ വാലറ്റത്തിന്റെ കരുത്ത് കൂടും. രണ്ട് കളികളിൽ ഷമി ബാറ്റിംഗിനിറങ്ങിയെങ്കിലും പൂജ്യനായാണ് പുറത്തായത്. ഭുവനേശ്വറിന്റെ ബാറ്റിംഗ് മികവ് അദ്ദേഹത്തിന് അവസാന നിമിഷം തുണയാകുമോയെന്ന് കണ്ടറിയണം. കേദാറിന് പകരം രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിക്കാനുള്ള നേരിയ സാധ്യതയും നിലനിൽക്കുന്നുണ്ട്.

സാധ്യതാ ടീം: രോഹിത്,​ രാഹുൽ,​കൊഹ്‌ലി,​ശങ്കർ,​ധോണി,​ കേദാർ,​ പാണ്ഡ്യ,​ കുൽദീപ്,​ ഷമി,​ചഹൽ,,​ ബുംറ.

ജയിക്കാൻ ഇംഗ്ലണ്ട്

ജീവൻമരണ പോരാട്ടമാണിന്ന് ഇംഗ്ലണ്ടിന്. ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് കിരീടം നേടാൻ ഏറ്രവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആതിഥേയർ ശ്രീലങ്കയ്ക്കും ആസ്ട്രേലിയയ്ക്കും എതിരായുള്ള തുടർച്ചയായുള്ള തോൽവികളിലൂടെ സെമിയിലെത്താൻ പോലും പാടുപെടുന്ന അവസ്ഥയാണിപ്പോൾ. ഈ മത്സരത്തിന് ശേഷം ന്യൂസിലൻഡിനെതിരായ മത്സരം മാത്രമേ അവർക്ക് അവശേഷിക്കുന്നുള്ളൂ.പരിക്കിൽ നിന്ന് മോചിതനായ ജാസൻ റോയ് ഇന്ന് ഇംഗ്ലണ്ട് നിരയിൽ ഉണ്ടാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. റോയ് കളിച്ചാൽ വിൻസി പുറത്തിരിക്കും.

സാധ്യതാ ടീം: റോയ്,​ ബെയർസ്റ്രോ,​റൂട്ട്,​ മോർഗൻ,​ സ്റ്രോക്സ്,​ ബട്ട്‌ലർ,​ അലി,​ വോക്സ്,​റാഷിദ്,​ ആർച്ചർ,​ വുഡ്.

പിച്ച് റിപ്പോർട്ട്

ടൂർണമെന്റിലെ തന്നെ ഏറ്രവും മികച്ച ബാറ്രിംഗ് പിച്ചാണ് എഡ്ജ്‌ബാസ്റ്രണിലേതെന്നാണ് വിദഗദ്ധർ പറയുന്നത്.

ഓർമ്മിക്കാൻ

എഡ്ജ്‌ബാസ്റ്റണിൽ

അവസാനം നടന്ന അഞ്ച് ഏകദിനങ്ങളിലും രണ്ടാമത് ബാറ്റ്ചെയ്ത ടീമാണ് വിജയിച്ചത്.

ലേകകപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഹാട്രിക്ക് ഉൾപ്പെടെ 8 വിക്കറ്റുകൾനേടിക്കഴിഞ്ഞ ഷമിക്ക് പക്ഷേ ഇംഗ്ലണ്ടിനെതിരെ മോശം റെക്കാഡാണ്. ഇംഗ്ലണ്ടിനെതിരെ 10 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകളേ നേടാനായിട്ടുള്ളൂ.

ഇവിടെ ഇന്ത്യയ്ക്കെതിരെ കളിച്ച ചാമ്പ്യൻസ് ട്രോഫി ഫൈനലാണ് പെട്ടെന്നോർമ്മ വരുന്നത്. ഞങ്ങൾക്ക് ആ മത്സരം എവേ മത്സരം പോലെയായിരുന്നു. ഇംഗ്ലണ്ടിനെ പിന്തുണയ്ക്കാനെത്തിയവരെക്കാൾ കൂടുതൽ ആവേശത്തിലായിരുന്നു അന്ന് ഇവിടെയെത്തിയ ഇന്ത്യൻ ആരാധകർ. കൂടുതലും ഇന്ത്യൻ ആരാധകർ ആയിരുന്നു. ഇന്നത്തെ മത്സരം ഞങ്ങൾക്ക് എവേ മത്സരം പോലെയാണ്.

ഒയിൻ മോർഗൻ

ഭുവി പരിക്കിൽ നിന്ന് ഭേദമായി വരുന്നു. അവസാന ഇലവനെക്കണ്ടെത്തുകയെന്നതാണ് ഇപ്പോൾ പ്രധാന തലവേദന

വിരാട് കൊഹ്‌ലി

ഇന്ത്യയുടെ എവേ ജേഴ്സി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഞാനിതിന് 10 ൽ 8 മാർക്ക് നൽകും.ഇടയ്ക്ക് ഇങ്ങനെയൊരു മാറ്രം നല്ലതാണ്. എന്നാൽ ഇത് സ്ഥിരമാക്കില്ല. കാരണം നീലയാണ് നമ്മുടെ യഥാർത്ഥ നിറവും മേൽവിലാസവും.

കൊഹ്‌ലി പുത്തൻ ജേഴ്സിയെക്കുറിച്ച്