ന്യൂഡൽഹി: പക്ഷിയിടിച്ച് എൻജിൻ തകരാറിലായ വ്യോമസേനയുടെ ജാഗ്വർ വിമാനം സുരക്ഷിതമായി നിലത്തിറക്കി പൈലറ്റ് ഹീറോയായി. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തിൽ നിന്ന് രാവിലെ 7.45ന് പരിശീലനത്തിലായി വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു സംഭവം. പരിശീലന ബോംബുകളും അധികമായി ഘടിപ്പിച്ചിരുന്ന ഇന്ധന ടാങ്കുകളും താഴേയ്ക്ക് എറിഞ്ഞാണ് പൈലറ്റ് വൻ ദുരന്തം ഒഴിവാക്കിയത്. വിമാനം തകർന്ന് വീണിരുന്നെങ്കിൽ വ്യോമസേനാ കേന്ദ്രത്തിന് സമീപമുള്ള അനവധിയാളുകളുടെ ജീവൻ നഷ്ടമാകുമായിരുന്നു. ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനത്തിൽ പക്ഷികൾ ഇടിച്ചത്. ഇതുമൂലം വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലായി. അപകടം മണത്ത പൈലറ്റ് രണ്ട് ഇന്ധന ടാങ്കുകളും പരിശീലന ബോംബുകളും വിമാനത്തിൽ നിന്ന് നിലത്തേക്കെറിഞ്ഞു. സംഭവത്തിന്റെ വീഡിയോയും വ്യോമസേന ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബോംബുകളും ഇന്ധനടാങ്കും നിലത്ത് പതിച്ചതോടെ അംബാല വ്യോമകേന്ദ്രത്തിന് സമീപം വൻസ്‌ഫോടനമുണ്ടാവുകയും ജനങ്ങൾ പരിഭ്രാന്തരാവുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വൻ ദുരന്തമാണ് പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായതെന്നും വ്യോമസനേ അറിയിച്ചു.