pak

ലീഡ്സ്: ലോകകപ്പിൽ ഇന്നലെ നടന്ന നിർണായകമായ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 3 വിക്കറ്റിന് കീഴടക്കി പാകിസ്ഥാൻ സെമി പ്രതീക്ഷകൾ നിലനിറുത്തി.അവസാന ഓവർവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ രണ്ട് പന്ത് ശേഷിക്കെയാണ് പാകിസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത അമ്പതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 49.4 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (230/7 ). ഇമാദ് വസിം (പുറത്താകാതെ 49), ബാബാർ അസം (45) എന്നിവർ പാകിസ്ഥാനായി ബാറ്റ്‌കൊണ്ട് നിർണായക സംഭാവന നൽകി.

നേരത്തേ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെപ്പോലെ ഇത്തവണയും തകർപ്പൻ ബൗളിംഗ് പുറത്തെടുത്ത് പാക് പേസർ ഷഹീൻ അഫ്രീദിയാണ് അഫ്ഗാൻ ബാറ്രിംഗ് നിരയെ പടിച്ചു നിറുത്തിയത്. 10 ഓവറിൽ 47 റൺസ് വഴങ്ങിയാണ് അഫ്രീദിയുടെ നാല് വിക്കറ്റ് നേട്ടം. ഇമാദ് വസിം, മുഹമ്മദ് ആമീർ എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. 42 റൺസ് വീതം നേടിയ മുൻ നായകൻ അസ്ഗർ അഫ്ഗാനും നജീബുള്ള സദ്രാനുമാണ് അവരുടെ ടോപ്സ്കോറർമാർ. റഹ്മത്ത് ഷാ (35), വിക്കറ്ര് കീപ്പർ അലിഖിൽ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.