partha-convention-centre

തിരുവനന്തപുരം: കണ്ണൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്‌ക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സമിതി നിലപാടെടുത്തതിനു പിന്നാലെ, നഗരസഭാ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ എന്നു പരിശോധിച്ചത് ചീഫ് ടൗൺപ്ളാനർ വിജിലൻസും ഉത്തരമേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടറുമാണ്. ഉദ്യോഗസ്ഥ നടപടി ന്യായീകരിക്കുന്ന അന്വേഷണ റിപ്പോർട്ടോടെ സാജന്റെ ആത്മഹത്യയിൽ ആരും കുറ്റക്കാരല്ലെന്ന സ്ഥിതിയായി.

അതിനിടെ ഇന്നലെ ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആന്തൂർ വിഷയം ചർച്ചയ്ക്കെടുത്തതു പോലുമില്ല.

ഇ.പി. ജയരാജന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ചചെയ്ത് രമ്യമായി പരിഹരിക്കാമെന്ന നിർദ്ദേശമുയർന്നപ്പോൾ അതേക്കുറിച്ച് ചർച്ച പിന്നീടാകാമെന്ന് നേതൃത്വം നിർദേശിച്ചു. പി.കെ. ശ്യാമളയും യോഗത്തിലുണ്ടായിരുന്നു.

സാജന്റെ ആത്മഹത്യയിൽ പി.കെ.ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചെന്ന് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി വാദിച്ചിരുന്നു. എന്നാൽ, ശ്യാമളയ്‌ക്ക് ക്ളീൻ ചിറ്റ് നൽകി ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടേതെന്ന് വിലിയിരുത്തുകയായിരുന്നു സി.പി.എമ്മും സർക്കാരും. തുടർന്ന് നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കെട്ടിടത്തിന് അനുമതി നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ചട്ടപ്രകാരമുള്ള നടപടികളേ ഉണ്ടായിട്ടുള്ളൂവെന്ന അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജൂൺ 20 ന് സ്വീകരിച്ച സസ്പെൻഷൻ നടപടി റദ്ദാക്കിയേക്കും.

സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിൽ നഗരസഭാ സെക്രട്ടറി ഗിരീഷ് തടസ്സവാദങ്ങൾ ഉന്നയിച്ചത് വ്യക്തതയ്ക്കു വേണ്ടിയായിരുന്നു എന്നാണ് റിപ്പോർട്ടിലെ വിശദീകരണം. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം കുറ്രക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എ.സി.മൊയ്തീൻ നേരത്തേ പറഞ്ഞിരുന്നു. അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റവിമുക്തരാക്കപ്പെട്ട സാഹചര്യത്തിൽ ആർക്കെതിരെയും നടപടിയെടുക്കാനില്ല. സംസ്ഥാനത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ട സംഭവത്തിൽ ആരും ഉത്തരവാദികളല്ലെന്ന കണ്ടെത്തൽ പാർട്ടിക്കും സർക്കാരിനുമെതിരെ പൊതുവികാരം രൂപപ്പെടാൻ ഇടയാക്കുന്നതാണ്.

എങ്കിൽ ലൈസൻസ്

നൽകാമായിരുന്നു

ചീഫ് ടൗൺ പ്ളാനിംഗ് ഓഫീസറുടെ (വിജിലൻസ്) അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്: നഗരസഭ കണ്ടെത്തി നോട്ടീസ് നൽകിയ 15 നിയമലംഘനങ്ങളിൽ നാലെണ്ണം പരിഹരിച്ചാൽ ലൈസൻസ് നൽകാവുന്നതാണ്. ഗുരുതരമായ ചട്ടലംഘനങ്ങളായി നഗരസഭ കണ്ടെത്തിയവ:

1. ഇൻസിനറേറ്ററും ജനററേറ്റർ റൂമും നിർമ്മാണം അനുവദിക്കാനാകാത്ത സ്ഥലത്ത്

2. ഭിന്നശേഷിക്കാർക്കായി പണിത റാമ്പിന്റെ ചരിവ് ശരിയല്ല

3. ശൗചാലയങ്ങളുടെ എണ്ണം കുറവ്

4. വാഷ് ബേസിനുകൾ കുറവ്