ആധുനിക ലോകത്ത് എല്ല മേഖലയിലും ഉപയോഗിക്കുന്നതാണ് ഗ്രീൻ കൺസെപ്ട് . അഥവാ ഹരിത ചട്ടം. ഗൃഹനിർമ്മാണ മേഖലയിളും ഹരിതചട്ടം ഇപ്പോൾ ട്രെൻഡിയായിരിക്കുന്നു. പ്രകൃതിയുമായി സമരസപ്പെട്ട് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലുള്ള വീട് നിർമ്മാണമാണ് ഹരിത ഗൃഹങ്ങൾ അഥവാ ഗ്രീൻ ഹോം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കെട്ടിടത്തിന്റെ നിർമ്മാണം മുതൽ എല്ലാ മേഖലയിലും പരിസ്ഥിതി സൗഹാർദ്ദപരമായ രീതി പിന്തുടരുക എന്നതാണ് ഗ്രീൻ ബിൽഡിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആർക്കിടെക്ടിനൊപ്പം കോൺട്രാക്ടർ, എൻജിനിയർ, ഉടമസ്ഥൻ എന്നിവരുടെയെല്ലാം പങ്കാളിത്തം ഇതിനാവശ്യമാണ്.
പ്രകൃതിക്ക് അനുയോജ്യമായ വീടുകൾ എന്ന് കേൾക്കുമ്പോൾ മണ്ണും ചെളിയും മറ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീടുകളാണ് ഇവയെന്ന ധാരണ പലർക്കും ഉണ്ട്. എന്നാൽ വലിയ വീടുകളും ഗ്രീൻ കൺസെപ്ട് രീതിയിൽ ചെയ്യാനാകും. ഇവയുടെ നിർമ്മാണച്ചലെവിനെക്കുറിച്ചും വ്യത്യസ്ത ധാരണകൾ നിലവിലുണ്ട്. നിർമ്മാണച്ചെലവ് കൂടുതലാണെന്നാണ് ഹരിത ഗൃഹങ്ങളെക്കുറിച്ചുള്ള ധാരണ. എന്നാൽ ഇത് മുഴുവനും ശരിയല്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
വീടിന്റെ ഡിസൈനിൽ തുടങ്ങുന്നു ഗ്രീൻ ബിൽഡിംഗ് കൺസെപ്ട്. നിർമ്മാണം,താമസിക്കുന്നവരുടെ ഇടപെടൽ ,അറ്റകുറ്റപ്പണികൾ, വീട് നവീകരണം എന്നിങ്ങനെ ഭാവിയിൽ വീട് പൊളിച്ചുമാറ്റുന്നത് വരെ ഗ്രീൻ കൺസെപ്ടിൽ ഉൾപ്പെടുന്നു. നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ വസ്തുക്കൾ കൊണ്ടും നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചും വീടു നിർമ്മിക്കുക എന്നതാണ് ഹരിത ഗൃഹങ്ങളുടെ അടിസ്ഥാന തത്വം.
ഭൂമിയെ അതിന്റെ സ്വാഭാവികതക്കു വിട്ടു വേണം പ്ലോട്ട് തയാറാക്കാൻ. വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മരങ്ങൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവ നശിപ്പിക്കാതെ വീടിന്റെ ഭാഗമാക്കി ഡിസൈൻ ചെയ്യുക. വെള്ളവും വെളിച്ചവും പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തിലായിരിക്കണം വീടിന്റെ പ്ലാൻ. സിമന്റ് അടങ്ങിയ സാമഗ്രികൾ പരമാവധി ഒഴിവാക്കി. മണ്ണിന്റെ ഇഷ്ടിക, ചെങ്കല്ല്, ഇന്റർ ലോക്കിംഗ് ബ്രിക്‌സ്, മഡ് ബ്ലോക്ക്‌സ് എന്നീ പ്രകൃതിദത്ത സാമഗ്രികൾ ഉപയോഗിക്കണം.. മരങ്ങൾ മുറിക്കുന്നതിനു പകരം പഴയ മരങ്ങൾ ഉപയോഗിക്കുക. തറയുടെ ഫ്ലോറിംഗിന് വേണ്ടി മരം, മുള തുടങ്ങിയവ തിരഞ്ഞെടുക്കാം.
വീടിനു പെയിന്റടിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കുമ്മായം ഉപയോഗിക്കാവുന്നതാണ്. വീട്ടിലേക്കാവശ്യമായ പരമാവധി ഊർജ്ജം കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ നിന്നും ലഭ്യമാക്കാൻ ശ്രമിക്കണം. മാലിന്യം സംസ്കരിക്കാനും പാചകവാതകം ഉല്‍പാദിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കണം. കുറഞ്ഞ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളും ലൈറ്റുകളും ഉപയോഗിക്കുക. മഴവെള്ള സംഭരണി നിർമ്മിക്കുന്നത് ഒരു പരിധിവരെ ജലക്ഷാമം തടയാൻ സഹായിക്കും. അടുക്കളയിലെ സിങ്ക്, വാഷ് ബേസിന്‍, വാഷിംഗ് മെഷിന്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപയോഗ ശൂന്യമായ വെള്ളം അടുക്കളത്തോട്ടത്തിലേക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ചേരുന്ന തരത്തില്‍ പുനരുപയോഗിക്കുന്നതും ഹരിത ഗൃഹങ്ങളുടെ പ്രത്യേകതയാണ്.