ഫെലിക്സ് ബാസ്റ്റ്, പേരിലെ കൗതുകം ഈ പേരുകാരന്റെ ജീവിതത്തിൽ ഉടനീളമുണ്ട്. ആഴത്തിലറിയുമ്പോൾ ഈ കൗതുകങ്ങളൊന്നും ഒട്ടും കുറയുന്നില്ല എന്നതാണ് വാസ്തവം. ഓരോ കാലഘട്ടത്തിലും വായിച്ച പുസ്തകങ്ങളും അവയിലെ ആശയങ്ങളുമൊക്കെ ഈ ശാസ്ത്രകാരന്റെ ജീവിതത്തിലെ ചിന്തകളെയും നിലപാടുകളെയും സ്വാധീനിച്ചിരുന്നു. സ്വന്തം പേര് ഒരാളുടെ ജാതിയുടേയും മതത്തിന്റേയും സൂചനയാകുന്നതിനോട് ഫെലിക്സിന് തിരിച്ചറിവായ കാലം മുതലേ യോജിപ്പുണ്ടായിരുന്നില്ല. ഇരുപതാംവയസിലാണ് ഫ്രഞ്ച് നവോത്ഥാന നായകനായ വോൾട്ടയറിന്റെ പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്നത്. അവിടെ നിന്നേ മാറ്റമെന്ന വാക്ക് ഉള്ളിലുറച്ചിരുന്നു. എവിടെ നിന്നുവേണം വഴിപിരിഞ്ഞ് നടക്കേണ്ടതെന്ന് ചിന്തിച്ചു. ചെറുപ്പം മുതലേ പൂച്ചയെ വലിയ ഇഷ്ടമായിരുന്നു.
അതുകൊണ്ടു തന്നെ അവയുടെ ജനിതക നാമമായ ഫെലിക്സ് സ്വന്തം പേരായി തിരഞ്ഞെടുക്കാൻ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. പഴയ ഈജിപ്തിലെ പൂച്ചകളുടെ ദേവതയാണ് ബാസ്റ്റ്. അത് രണ്ടും കൂടി ചേർന്നതോടെ അതിന്റെ ശേഷപത്രമായി കണ്ണൂരിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ശ്രീജിത്ത് വടക്കേമഠം നമ്പീശൻ ഇരുപത്തിരണ്ടാം വയസിൽ ഫെലിക്സ് ബാസ്റ്റായി. ജാതി, മതം, വീക്ഷണം എന്നിവയേക്കാളും എപ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്നത് ശാസ്ത്രം തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഭൂമിയുടെ മഞ്ഞുപാളിയായ അന്റാർട്ടിക്കയിലെ പഠന, പര്യവേഷണ പ്രവർത്തന സംഘത്തിലുൾപ്പെട്ട ഫെലിക്സ് ബാസ്റ്റിന്റെ ശാസ്ത്ര ജീവിതത്തിലേക്ക് ഒരു സഞ്ചാരം.
കുഞ്ഞുമനസിലെ ശാസ്ത്രചിന്തകൾ
ഒരുകാലത്ത് മലയാളി വിദ്യാർത്ഥികളെ ശാസ്ത്രലോകത്തിലെ കൗതുകങ്ങളിലേക്ക് കൈ പിടിച്ച് നടത്തിയത് ശാസ്ത്ര സാഹിത്യപരിഷത്തും അവരുടെ പുസ്തകങ്ങളുമായിരുന്നു. കുഞ്ഞുഫെലിക്സിനെ ശാസ്ത്രലോകത്ത് കൈ പിടിച്ച് നടത്തിയതും പരിഷത്ത് പ്രസിദ്ധീകരണങ്ങളായിരുന്നു. യുറീക്കയും ശാസ്ത്രകേരളവുമുൾപ്പെടെയുള്ള പുസ്തകങ്ങൾ ഗൗരവമുള്ള വായനയ്ക്ക് വിത്തുപാകിയിരുന്നു. അനുദിനം വളരുന്ന ശാസ്ത്രചിന്തകൾ അറിവിന്റെ ലോകത്തിലേക്ക് കൊണ്ടു പോയി. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് പരിഷത്ത് പുസ്തകങ്ങളിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയിരുന്നു.
നിരന്തര അന്വേഷണവും വിജ്ഞാനോത്സവമുൾപ്പെടെയുള്ള പരിഷത്തിന്റെ പ്രവർത്തനങ്ങളും ഫെലിക്സിന്റെ ആഗ്രഹങ്ങൾക്ക് കൃത്യമായ രൂപം നിർണയിച്ചിരുന്നു. പല ലോകോത്തര ശാസ്ത്രപുസ്തങ്ങളുടെ പരിഭാഷകളും ഈ യാത്രയെ സ്വാധീനിച്ചു. ശാസ്ത്രത്തോടുള്ള അടങ്ങാത്ത പ്രണയം കൂടുതൽ പഠനങ്ങളിലേക്കും യാത്രകളിലേക്കും അദ്ദേഹത്തെ കൈപിടിച്ച് നടത്തുകയായിരുന്നു. ലോകത്തിന്റെ ഏതുകോണുമാകട്ടെ, ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നമുക്ക് വേണ്ടി അദ്ഭുതങ്ങൾ കാത്തു വച്ചിരിക്കുമെന്നാണ് ഫെലിക്സ് വിശ്വസിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി ഒരിക്കൽ നോർവെയിലേക്ക് യാത്ര പോയി. അവിടെ ജൂൺ മുതൽ സൂര്യൻ അസ്തമിക്കുന്നത് രാത്രി 11.30നാണ്. പക്ഷേ 12.30 ആവുമ്പോഴേക്കും സൂര്യൻ ഉദിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ അവിടത്തെ ഗ്രീഷ്മകാലത്ത് രാത്രിയുടെ നീളം ഒരു മണിക്കൂർ മാത്രമായിരിക്കും. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ ധ്രുവഗ്രീഷ്മം എന്ന അവസ്ഥ ശരിക്കും അനുഭവിച്ച് അറിയുകയായിരുന്നു. അതിന് മുമ്പ് കാനഡയിൽ പോയപ്പോഴും അത്തരമൊരു പ്രതിഭാസം കുറച്ചൊക്കെ അറിയാൻ കഴിഞ്ഞിരുന്നു. എന്നാലും ഇത്രയും തീവ്രമായ ധ്രുവഗ്രീഷ്മാനുഭവം സമ്മാനിച്ചത് നോർവെയാണ്. ആ യാത്രയാണ് അന്റാർട്ടിക്കയിലേക്ക് പോകണം എന്ന ആഗ്രഹം ജനിപ്പിച്ചത്.
അന്റാർട്ടിക്കയിലെ ജീവബിന്ദുക്കൾ
വെറുതേ ഒരു രസത്തിന് അന്റാർട്ടിക്ക കണാൻ പോകാം എന്ന് വിചാരിക്കേണ്ട. ഒരിക്കലും ഒരു ടൂറിസം സ്പോട്ടായി അന്റാർട്ടിക്ക സന്ദർശിക്കാനാവില്ല. അതിന് ഒരുപാട് കടമ്പകളുണ്ട്. പൂർണമായും ഗവേഷണപ്രവർത്തനങ്ങൾക്ക് മാത്രമായി നീക്കി വച്ചിരിക്കുന്ന സ്ഥലമാണ് അന്റാർട്ടിക്ക. നമുക്ക് അവിടേക്കുള്ള പ്രവേശനത്തിന് അനുമതി നൽകേണ്ടത് ഇന്ത്യൻ ഭൗമശാസ്ത്ര മന്ത്രാലയമാണ്. ഓരോ വർഷവും ഭൗമശാസ്ത്ര മന്ത്രാലയം അന്റാർട്ടിക് മിഷൻ സംഘടിപ്പിക്കും. ഒരു അന്തർദേശീയ ഗവേഷണ ദൗത്യം. അതിലേക്ക് ഉൾപ്പെടുത്താൻ വേണ്ടി സമീപിക്കാം എന്ന് തീരുമാനിച്ചു. അതിനുവേണ്ടി അപേക്ഷ സമർപ്പിക്കുന്നതിന് ഒരുപാട് നടപടി ക്രമങ്ങളുണ്ട്. അന്റാർട്ടിക്കയിലേക്ക് പോകുന്നതിന്റെ ലക്ഷ്യം സാധൂകരിക്കുന്ന രീതിയുള്ള ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കി സമർപ്പിക്കണം.
അത് അയച്ചുകൊടുത്ത് കഴിഞ്ഞപ്പോൾ ഗോവയിലേക്ക് വിളിപ്പിച്ചു. ആ പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും സംവാദങ്ങളുമൊക്കെ ഗോവയിലാണ് സംഘടിപ്പിക്കുന്നത്. നമ്മൾ നടത്തുന്ന പ്രവർത്തനങ്ങൾ അന്റാർട്ടിക്കയിൽ മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് അവർക്ക് ബോധ്യപ്പെടണം. എങ്കിൽ മാത്രമേ മുന്നോട്ട് പോകാനാവൂ. എന്റെ ഗവേഷണം ആഗോള താപനം ജീവജാലങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ടായിരുന്നു. പ്രത്യേകിച്ചും അന്റാർട്ടിക്കയിലെ സസ്യജാലങ്ങളെ കുറിച്ചും ജൈവവൈവിധ്യത്തെ കുറിച്ചുമൊക്കെ പഠനങ്ങൾ നടത്തിയിരുന്നു. മാറിയ സാഹചര്യത്തിൽ ഒരുപാട് പുതിയ സസ്യങ്ങളോ ജീവജാലങ്ങളോ രൂപപ്പെട്ടോ എന്നൊക്കെയും പഠിച്ചിരുന്നു. അത്തരത്തിലുള്ള രൂപപ്പെട്ട പുതിയ പായലുകളെ കുറിച്ച് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അടുത്തപടി മെഡിക്കൽ ടെസ്റ്റാണ്. ന്യൂ ഡൽഹിയിലെ എയിംസിൽ ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ് ആ പരിശോധന.
അന്റാർട്ടിക്കയിൽ ആശുപത്രികളോ അനുബന്ധസൗകര്യങ്ങളോ ഇല്ലാത്തതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിൽ രോഗം വരാൻ ചെറുസാദ്ധ്യതയുള്ള ആളുകൾക്ക് പോലും അനുമതി നിഷേധിക്കപ്പെടും. മദ്യപാനവും പുകവലിയും ശീലമാക്കിയവർ ഈ ടെസ്റ്റിൽ പരാജയപ്പെടും.വൈദ്യപരിശോധനയിൽ വിജയിച്ചാൽ അടുത്ത പടി അന്റാർട്ടിക്കയിലെ കാലാവസ്ഥയോട് ഇണങ്ങിച്ചേരാനുള്ള പരിശീലനമാണ്. അത് ഹിമാലയത്തിലെ ബദരീനാഥിലെ മണാ, ജോഷീമഠ് എന്നീ സ്ഥലങ്ങളിൽ വച്ചാണ് നടക്കുന്നത്. അന്റാർട്ടിക്കയിലേക്കു പോകുന്നതിന് കടും നീല നിറത്തിലുള്ള സാധാരണ പാസ്പോർട്ട് മതിയാവില്ല, കാരണം അവിടെ ടൂറിസം നിരോധിച്ചിരിക്കുന്നു എന്നതുതന്നെ. അതിനായി വെള്ള നിറത്തിലുള്ള ഇന്ത്യയുടെ ഔദ്യോഗിക പാസ്പോർട്ട് ആവശ്യമാണ്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഇത് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമായിരുന്നു.
കൊടുംതണുപ്പിന്റെ കൂടാരത്തിൽ
ഇനിയാണ് യാത്ര തുടങ്ങുന്നത്. മുംബയിൽ നിന്നും വിമാനമാർഗം കെനിയ വഴി ദക്ഷിണാഫ്രിക്കയിൽ എത്തിച്ചേർന്നു. അവിടെ നിന്നാണ് കപ്പൽ യാത്ര തുടങ്ങുന്നത്. ധ്രുവപ്രദേശങ്ങളിലേക്ക് പോകാൻ സാധരണ കപ്പലുകൾ പറ്റില്ല. െഎസ് ബ്രേക്കർ എന്നറിയപ്പെടുന്ന കപ്പലുകളാണ് അത്തരം യാത്രകൾക്ക് ഉപയോഗിക്കുന്നത്. ഐസ് കട്ടകൾ പൊട്ടിക്കാൻ തക്ക കാഠിന്യമുള്ളതാണ് അത്തരം കപ്പലുകൾ. ഇന്ത്യയ്ക്ക് അത്തരം കപ്പൽ ഇല്ലാത്തതിനാൽ ഒരു റഷ്യൻ കപ്പൽ വാടകയ്ക്കെടുക്കുകയാണ് ചെയ്തത്. ഐവൻ പാപ്പനിൻ എന്നായിരുന്നു ആ കപ്പലിന്റെ പേര്. യാത്ര പുരോഗമിക്കുമ്പോൾ യാത്രയുടെ കാഠിന്യവും കൂടും. 40 ഡിഗ്രി അക്ഷാംശം കടക്കുന്നതോടെ ശക്തമായ കാറ്റും തിരമാലകളും കൂട്ടിനെത്തും. അവിടെയാണ് 'റോറിംഗ് ഫോർട്ടീസ് എന്നറിയപ്പെടുന്ന വാണിജ്യവാതങ്ങളുടെ സ്ഥലം. അവിടം മുതൽ കപ്പൽ അക്ഷരാർത്ഥത്തിൽ ആടി ഉലയാൻ തുടങ്ങും.
മുന്നോട്ടുപോകുന്തോറും കാറ്റിന്റേയും തിരമാലകളുടേയും ശക്തിയും കൂടിവരും. അലറിവിളിക്കുന്ന കാറ്റിനേയും കടലിനേയും തരണം ചെയ്ത് വെളുത്ത മഞ്ഞുമൂടിയ കൊടുംതണുപ്പിന്റെ കൂടാരത്തിലേക്ക് എത്തിയപ്പോൾ ഏവരേയും അവിടേക്ക് വരവേറ്റത് അവിടത്തെ ഉടമസ്ഥരായ പെൻഗ്വിനുകളാണ്. എങ്ങോട്ടു നോക്കിയാലും വെള്ളനിറം മാത്രം. ഇടയ്ക്കിടെ ചില പെൻഗ്വിൻ കൂട്ടങ്ങൾ. പല തരത്തിലുള്ള പെൻഗ്വിനുകളുണ്ട്. അവയിലൊക്കെയും ഏറ്റവും ആകർഷിച്ചത് ചക്രവർത്തി പെൻഗ്വിനുകളാണ്. മുട്ടയിടുന്നത് പെൺപക്ഷികളാണെങ്കിലും ചൂടു നൽകി മുട്ട വിരിയിക്കുന്നത് ആൺപക്ഷിയാണ്. മുട്ടയിട്ട ശേഷം പെൺപക്ഷി ഇര തേടാനും മറ്റുമായി ദൂരേക്ക് പോകും. കൊടുങ്കാറ്റും രൂക്ഷമായ മഞ്ഞു വീഴ്ചയുമൊക്കെ ഉണ്ടാവും. കഷ്ടിച്ച് ഒരു മീറ്റർ പോലും മുന്നോട്ട് കാണാനാവില്ല. എന്നാലും മുട്ടയ്ക്ക് ചൂടു നൽകുന്ന ആൺപെൻഗ്വിൻ അവിടെ തന്നെ നിൽക്കും. ഇങ്ങനെ ഏതാണ്ട് മൂന്നു മാസക്കാലം ആഹാരം പോലും ഉപേക്ഷിച്ച് ഇങ്ങനെ നിൽക്കും. മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരുന്ന ദിവസം കൃത്യമായി പെൺപക്ഷി തിരികെയെത്തും. അങ്ങേയറ്റം യാഥാസ്ഥിതികരായി ചിന്തിക്കുന്ന മനുഷ്യർ ഉറപ്പായും ഈ കാഴ്ച തീർച്ചയായും കാണണം എന്നാണ് ഫെലിക്സ് പറയുന്നത്.
ഭാരതിയിലേക്ക് ആദ്യകാൽവയ്പ്പ്
അന്റാർട്ടിക്കയിലെത്തി ആദ്യം പോയത് ഭാരതിയിലേക്കാണ്. ഇന്ത്യയുടെ ഏറ്റവും പുതിയ സ്റ്റേഷനാണത്. അവിടെ സൂക്ഷ്മജീവികളില്ല. ഭാരതിയിലല്ല അന്റാർട്ടിക്കയിലെവിടെയും സൂക്ഷ്മജീവികളില്ല എന്നതാണ് വാസ്തവം. അതായത് നമ്മൾ അവിടെ ഉപേക്ഷിക്കുന്ന ഒരു വസ്തുവും നശിച്ചു പോകില്ല. വർഷങ്ങളോളം അവ എന്തു തന്നെയായാലും അതേ പോലെ അവിടെയുണ്ടാകും. ഈ കാരണം കൊണ്ടു തന്നെ മനുഷ്യവിസർജ്യം പോലും അവിടെ ഉപേക്ഷിച്ച് പോരാൻ കഴിയില്ല. അത് അവിടെ നിന്ന് നീക്കം ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ വിസർജ്യം ബാരലുകളിൽ സൂക്ഷിച്ച്, തിരിച്ചുപോരുന്ന കപ്പലിൽ എത്തിക്കണം. നമ്മുടേ് മാത്രമേ നമ്മൾ നീക്കം ചെയ്യുള്ളൂ എന്ന് വാശി പിടിക്കാനൊന്നുമാവില്ല. അവിടെ എത്തുന്ന ചിലരുടെയെങ്കിലും കണ്ടേക്കാം. അവിടെ എന്തു കാര്യം ചെയ്യുന്നതും ഒരു ടീമായിട്ടാണ്. ഒറ്റയ്ക്ക് ഒരു നിലനിൽപ്പ് അന്റാർട്ടിക്കയിൽ സാദ്ധ്യമല്ല എന്നതാണ് സത്യം. ഒരേ സമയം ശുചീകരണ തൊഴിലാളിയായും പോർട്ടറായും പാചകക്കാരനായുമൊക്കെ പ്രവർത്തിക്കേണ്ടി വരും. തിരിച്ച് പോരുമ്പോൾ നമ്മുടേതായി ഒരു മുടിനാരുപോലും അവിടെ അവശേഷിക്കരുത് എന്നാണ് പറയുന്നത്. 'അന്റാർട്ടിക് ട്രീറ്റി സിസ്റ്റം" എന്ന സംഘടനയാണ് അവിടേക്കുള്ള മാർഗനിർദേശങ്ങൾ തീരുമാനിക്കുന്നത്. അവരുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുകയും ചെയ്യും. അഥവാ അതിൽ എന്തെങ്കിലും പോരായ്മ കണ്ടെത്തിയാൽ അടുത്ത തവണത്തേക്കുള്ള അനുമതി റദ്ദാക്കുകയും ചെയ്യും.
നമ്മുടെ മണ്ണിൽ സൈക്കിളിൽ
ഏറ്റവും അവസാനം മനുഷ്യൻ എത്തിച്ചേർന്ന ഭൂമിയിലെ ഇടമാണ് അന്റാർട്ടിക്ക. അതുകൊണ്ടുതന്നെ അവിടത്തെ മലിനീകരണത്തിന്റെ അളവും കുറവാണ്. പക്ഷേ മറ്റെല്ലായിടത്തേയും പോലെ പ്ലാസ്റ്റിക് എന്നത് അവിടെയും ഒരു ഭീഷണിയായി മാറുന്നുണ്ട്. പ്ലാസ്റ്റിക് സഞ്ചികളല്ല മറിച്ച് വളരെ ചെറിയ മൈക്രോ പ്ലാസ്റ്റിക്കുകളാണ് ഏറ്റവും വലിയ പ്രശ്നം. അത് മത്സ്യങ്ങളിലേക്കും പിന്നീട് അവയെ ഭക്ഷിക്കുന്ന ജീവികളിലേക്കും എത്തുന്നു. മറ്റെല്ലാ ജീവികളേയും പോലെ പെൻഗ്വിനുകളിലേക്കും ഇത്തരം മൈക്രോപ്ലാസ്റ്റിക്കുകൾ എത്തുന്നതിലൂടെ മുട്ടയിടാനുള്ള അവയുടെ കഴിവ് നഷ്ടമാകുന്നു. അത് അവയുടെ വംശനാശത്തിലേക്ക് വഴി തെളിക്കുകയും ചെയ്യും.
പല സ്രോതസുകളിലൂടെയാണ് പ്ലാസ്റ്റിക് പരിസ്ഥിതിയിലേക്ക് എത്തുന്നത്. റോഡരികിൽ വയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾ മുതൽ ദിവസവും വീട്ടിൽ വാങ്ങുന്ന കവർ പാൽവരെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയേയും നാശത്തിലേക്ക് തള്ളി വിടുമെന്നാണ് ഫെലിക്സ് ബാസ്റ്റ് അനുഭവത്തിന്റെയും പഠനങ്ങളുടെയും തിരിച്ചറിവിൽ പറയുന്നത്. വളരെ ലളിതമായ പരിഹാരമാർഗങ്ങളും ഇതിനായി അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. കവർ പാലിന് പകരം പാത്രം കൊണ്ടുപോയി പാൽ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുക, യാത്രയിലും മറ്റും സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും കൈയിൽ കരുതുക, ഫ്ലക്സ് ബോർഡിന് പകരം കോട്ടൺ തുണികൾ ഉപയോഗിക്കാം. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയ വലിയ ശരികളിലേക്ക് നമുക്ക് ചെന്നെത്താം.
ശാന്തസമുദ്രത്തിൽ ഈ അടുത്തായി ഒരു പുതിയ ദ്വീപ് രൂപപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയുണ്ടായ ദ്വീപിന് യു.എ.ഇലെ ഖത്തറിനേക്കാളും വലിപ്പമുണ്ട്. അതൊക്കെയും നമ്മുടെ മാലിന്യങ്ങളാണ്. പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കൂടി അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. രാജ്യസ്നേഹത്തെക്കാളും മനുഷ്യസ്നേഹത്തെക്കാളും പ്രകൃതി സ്നേഹമാണ് ആവശ്യമെന്നു കരുതുന്ന ഡോ. ഫെലിക്സ് സൈക്കിളിന്റെ വലിയൊരു ആരാധകൻ കൂടിയാണ്. ദിവസവും സൈക്കിളിൽ ആണ് ഇദ്ദേഹം ജോലിക്ക് പോകുന്നത്. കേരളത്തിൽ വരുമ്പോളും സൈക്കിളിൽ തന്നെയാണ് മിക്കവാറും യാത്ര ചെയ്യുക.