നാടകത്തിന്റെ റിഹേഴ്സൽ സ്ഥലത്തു നിന്നിറങ്ങി ഒഴിഞ്ഞ കോണിൽ നിന്ന് രാജശേഖരൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്, 24ാമത്തെ വയസിൽ. സുന്ദരൻ കല്ലായിയുടെ പീനൽകാേഡ് എന്ന നാടകത്തിന്റെ റിഹേഴ്സലായിരുന്നു അത്. വക്കീൽ വേഷം ചെയ്യാനായിരുന്നു അടൂർ ഭവാനി പറഞ്ഞിട്ട് രാജശേഖരനെ ഒരാൾ വിളിച്ചു കൊണ്ടുപോയത്. മൂന്നോ നാലോ ഡയലോഗ് മാത്രം. പറഞ്ഞു തീരുന്നതിനു മുൻപ് വക്കീലാവാൻ വേറൊരാൾ വന്നു. രാജശേഖരൻ ഒൗട്ട്.
നാടകാഭിനയം മോഹമായി കൊണ്ടുനടക്കുന്നവർ എങ്ങനെ കരയാതിരിക്കും? നിരാശയടക്കിയ രാജശേഖരൻ വീണ്ടും പ്രതീക്ഷയുമായി നടന്നു. അടുത്ത വർഷം സുന്ദരൻ കല്ലായിയുടെ മൂന്ന് നാടകങ്ങളിലെ വേഷങ്ങൾ രാജശേഖരനെ തേടിയെത്തി. അങ്ങനെ വേദികളിൽ വച്ചടി കയറ്റംകിട്ടിയ തോമ്പിൽ രാജശേഖരൻ എന്ന നടൻ പ്രശസ്തനായി. 63ാം വയസിൽ ഇൗ വർഷത്തെ മികച്ച നടനുളള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചപ്പോൾ തോമ്പിൽ രാജശേഖരൻ ഒന്നു പൊട്ടിച്ചിരിച്ചു.
ജീവിതം നാടകത്തിനു വേണ്ടി സമർപ്പിച്ച പത്തനംതിട്ട ചെന്നീർക്കര മുറിപ്പാറ തോമ്പിൽ കുടുംബത്തിലെ രാജശേഖരനെ തേടി അവാർഡ് വൈകിയാണെങ്കിലും എത്തിയതിന്റെ സന്തോഷം. വൽസൻ നിസരി സംവിധാനം ചെയ്ത അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'വേറിട്ട കാഴ്ചകൾ' എന്ന നാടകത്തിലെ പ്രധാനകഥാപാത്രമായ ടി.വി അവതാരകൻ സേതുമാധവനാണ് തോമ്പിൽ രാജശേഖരനെ ഇൗ വർഷത്തെ പുരസ്കാരത്തിനർഹനാക്കിയത്. കുട്ടിക്കാലത്ത് ചെറുനാടക സംഘങ്ങളിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ജ്യേഷ്ഠൻ ടി.എം. അപ്പുക്കുട്ടൻനായരുടെയും പ്രോസ്താഹനവും ഗുരു ഗോപി കോട്ടൂരേത്തിന്റെ ശിക്ഷണവും ലഭിച്ചു.
എൻ.എൻ.പിളളയുടെ വിശ്വകേരളയിൽ അഞ്ചുവർഷം അഭിനയിച്ചതോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ ഗുരുകുല സമ്പ്രദായത്തിൽ അഭിനയം പഠിച്ചു. പ്രൊഫഷണൽ നാടകത്തിൽ തുടക്കക്കാരനായ തോമ്പിൽ രാജശേഖരൻ എസ്.എൽ.പുരം സദാനന്ദൻ, എൻ.വി ത്രിവിക്രമൻപിളള, പി.കെ. വേണുക്കുട്ടൻനായർ തുടങ്ങിയ പ്രഗൽഭരുടെ നാടകങ്ങളിൽ വേഷങ്ങൾ ലഭിച്ചു. കോട്ടയം വിശ്വസാരഥി, കൊല്ലം യവന, അജന്ത, ചാലക്കുടി സാരഥി, തിരുവനന്തപുരം സൗപർണിക, അധീന, അഹല്യ, നെയ്യാറ്റിൻകര സ്വദേശാഭിമാനി തുടങ്ങിയ മുപ്പതിലേറെ ട്രൂപ്പുകളിൽ നായക, വില്ലൻ വേഷങ്ങളിൽ തിളങ്ങി.
നാൽപ്പതിലേറെ കഥാപാത്രങ്ങളെ അയ്യായിരത്തിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് തോമ്പിൽ രാജശേഖരൻ ഒാർക്കുന്നു. ഇരുപതുകാരൻ മുതൽ തൊണ്ണൂറുകാരൻ വരെ കഥാപാത്രങ്ങളായിട്ടുണ്ട്. 40കൊല്ലം അഭിനയിച്ചെങ്കിലും അതിന്റെപേരിൽ ഒരു സുഖം അനുഭവിക്കുന്നത് ഇപ്പോഴാണ്. നാടിന്റെ അംഗീകാരത്തെ വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് തോമ്പിലിന്റെ നന്ദിവാക്കുകൾ. അവാർഡിനായി എങ്ങും മുട്ടിയിട്ടില്ലാത്ത അഭിനയജീവതത്തിലേക്ക് സംഗീതനാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടനുളള അവാർഡ് ഒരിക്കലെത്തിയിരുന്നു. ഗുരുപൂജ പുരസ്കാരം ഉൾപ്പെടെ അംഗീകാരങ്ങൾ വേറെയും ലഭിച്ചിട്ടുണ്ട്. ആ നാടക ജീവിതത്തിന് ഭാര്യ രാധ എപ്പോഴും കൂട്ടുണ്ട്. മക്കൾ: കാർത്തിക, രാജ് കിരൺ. മരുമകൻ അരവിന്ദ്. ചെറുമകൻ അഭിമന്യു.