എഴുത്തുകാരൻ ഒരു സഞ്ചാരിയാണ്. അനുഭവങ്ങളുടെ തീക്ഷ്ണപാതയിലൂടെ സഞ്ചരിക്കുന്നവൻ. ഈ യാത്രയ്ക്കിടയിൽ മനസിൽ കൂമ്പാരം കൂടുന്ന കാഴ്ചകളിൽ കുറച്ചുമാത്രമാണ് സർഗാത്മകഭാവനയിലൂടെ സാഹിത്യസൃഷ്ടികളായി പുറത്തുവരാറുള്ളത്. ഹൃദയത്തിന്റെ അകം താളുകളിൽ കോറിയിടപ്പെട്ടവയുടെ നേരും നീറ്റലും പുറത്തുവരുന്നത് ആത്മകഥാരചനയുടെ സന്ദർഭത്തിലാവും. അതുകൊണ്ടുതന്നെ ആത്മകഥാസാഹിത്യത്തിന് രചയിതാവിന്റെ തുറന്നുപറച്ചിലിന്റെ സത്യസന്ധതയുണ്ടാവുന്നു. അനുഭവങ്ങൾ പതം വരുത്തി വിളയിച്ചെടുത്ത് അനുവാചകനുമുന്നിൽ സ്വയം സമർപ്പിക്കുന്ന ആത്മകഥാസാഹിത്യത്തിലേക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ഡോ. ജോർജ്ജ് ഓണക്കൂറിന്റെ സംഭാവനയാണ് 'ഹൃദയ രാഗങ്ങൾ'.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലെ ഓണക്കൂർ എന്ന ഗ്രാമത്തിൽ നിന്നും തിരുവനന്തപുരം നാലാഞ്ചിറയിലെ 'സുദർശന"യിലെ നിറവായിത്തീർന്ന ഡോ. ജോർജ് ഓണക്കൂർ മലയാളികൾക്ക് ഒട്ടും അന്യനല്ല. നോവലിസ്റ്റ്, തിരക്കഥാകാരൻ, അദ്ധ്യാപകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ഉള്ളപ്പോഴും നിറഞ്ഞ സ്നേഹത്തിന്റെ ഹൃദ്യമായ സമീപനങ്ങളുടെ ഉടമയാണ് ജോർജ് ഓണക്കൂർ. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'ഹൃദയരാഗങ്ങൾ" എന്ന ആത്മകഥ അതുകൊണ്ടുതന്നെ വായനക്കാരുടെ ഹൃദയത്തെ തൊടുന്നു.
''എന്റെ അമ്മയ്ക്ക് എല്ലാ അമ്മമാർക്കും"" എന്ന് സമർപ്പണം കുറിച്ചുകൊണ്ട് ഹൃദയരാഗങ്ങൾ തുടങ്ങുന്നു. വെളിച്ചത്തിന്റെ താഴ് വരയിൽ ഇടറാതെ നടക്കാൻ ശ്രമിച്ചതിന്റെ ചാരിതാർത്ഥ്യമാണ് ഈ ആത്മകഥയിൽ ഓണക്കൂർ പങ്കുവയ്ക്കുന്നത്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എന്റെ ദൈവത്തിന് ജാതിയും മതവും ഇല്ല. അവൻ എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. ആ സ്നേഹ ചൈതന്യമാണ് എന്റെ ദൈവം. എല്ലാം ഒന്നുതന്നെയാണ്. അദ്വൈതത്തിന്റെ പൊരുളാണ്, അവൻ വാക്കാണ്. വാക്ക് ഈശ്വരനാണ്. ഗുരുവാണ്. വായിക്കാൻ കഴിയാത്ത ശൈശവത്തിലും പഠിപ്പിച്ചു. ബാല്യത്തിൽ വാക്കുകൾ ഓതി തന്നു. കൗമാരത്തിൽ എത്തുംമുൻപേ വായനശീലമാക്കി അനുഗ്രഹിച്ചു. സ്വാഭാവികമായി എഴുത്തുവഴികളിലേക്ക് നയിച്ചു.
ഈ ഗുരു, ഈശ്വരൻ സത്യമാണ്, സ്നേഹമാണ്, സൗന്ദര്യമാണ് എന്റെ അമ്മയാണ്- എന്ന രീതിയിൽ മതം- സ്നേഹം - അമ്മ എന്ന പാരസ്പര്യത്തെക്കുറിച്ചാണ് ആത്മകഥയിൽ ഓണക്കൂർ പറഞ്ഞുതുടങ്ങുന്നത്.
തന്റെ ആത്മകഥയുടെ പേര് ഹൃദയരാഗങ്ങൾ എന്നുകുറിക്കുവാൻ ജോർജ് ഓണക്കൂർ ശ്രമിച്ചതുപോലും സത്യസന്ധമായൊരു ഏറ്റുപറച്ചിലിനാണ്. നാലുപതിറ്റാണ്ടിലേറെക്കാലമായി സാഹിത്യത്തിന്റെ വിവിധ രംഗങ്ങളിൽ സക്രിയമായി പ്രവർത്തിക്കുന്നതിനിടയിൽ ആത്മകഥാ സാഹിത്യത്തിന്റെ രചനയിൽ ഏർപ്പെട്ടതും പറയാനുള്ളത് പറയാതെ വയ്യെന്നതിനാലായിരുന്നു. എം.പി. പോളിനും സി.ജെയ്ക്കുമെല്ലാം അക്ഷരങ്ങൾ കൊണ്ട് സ്മാരകം പണിഞ്ഞ ജോർജ് ഓണക്കൂറിന്റെ ആത്മകഥയുടെ താളുകളിൽ അദ്ദേഹത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ എല്ലാവരുമുണ്ട്. കല- രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ എല്ലാം തന്നെയുണ്ട്. പ്രണയവും വിപ്ലവവും ജീവിതാസക്തികളും നഷ്ടങ്ങളും നേട്ടങ്ങളുമൊക്കെ ജീവനസംഗീതം പോലെ പകർത്തിവച്ച ഹൃദ്യമായൊരു രചനയാണ് ജോർജ് ഓണക്കൂറിന്റെ ഹൃദയരാഗങ്ങൾ.' തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ സാംസ്കാരികത നിറഞ്ഞു നിൽക്കുന്നുണ്ട്. 'ഹൃദയരാഗങ്ങളിൽ".
ജാതിമത രാഷ്ട്രീയ ലിംഗഭേദങ്ങളില്ലാതെ നിറസൗഹൃദങ്ങളുടെ സാന്നിദ്ധ്യമാണ് ഡോ. ജോർജ് ഓണക്കൂർ. ഹൃദ്യമായ ചിരിയോടെ വലതുകരം നീട്ടി ആ സൗഹൃദം നമ്മോട് ആവശ്യപ്പെടുന്നു എന്റെ ഹൃദയരാഗങ്ങൾ നിങ്ങളേറ്റെടുക്കണം. മാർഗിയുടെ തിരുവരങ്ങിൽ, അനന്തപുരിയുടെ സാംസ്കാരിക സന്ധ്യകളിൽ എഴുത്തുകാരുടെ ഇടവേളവർത്തമാനങ്ങളിൽ സജീവമായി ചർച്ചയാകേണ്ട ആത്മകഥ തന്നെയാണ് ഹൃദയരാഗങ്ങൾ ഇനിയും പൂർത്തിയാക്കേണ്ട രചനകൾക്കിടയിൽ നിന്നും മുന്നോട്ടിറങ്ങി ഓടിയ ഈ ആത്മകഥാപുസ്തകത്തെ വായനക്കാർ നെഞ്ചേറ്റുമെന്നകാര്യത്തിൽ ആർക്കാണ് സംശയം?