കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതികൊണ്ടും കേരളത്തിന് ഏറെ സമാനമാണ് സമുദ്രമദ്ധ്യത്തിലുള്ള രാജ്യമായ ശ്രീലങ്ക. കടലിന്റെ സാമീപ്യം, കേരനിരകൾ, കേരളത്തിന്റെ അതേകാലാവസ്ഥയും പച്ചപ്പും ഫലവൃക്ഷങ്ങളും നദികളും മലകളും കുന്നുകളും മൂന്നാർ പോലെയുള്ള ഹിൽ സ്റ്റേഷനുകളും അങ്ങനെ മറ്റൊരു കേരളമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള കാഴ്ചകളാണ് ശ്രീലങ്കയിലുള്ളത്. വാസ്തുവിദ്യയിലും സമാനതകളുണ്ടായിരുന്നു; കുറെക്കാലം മുമ്പ് വരെ. ഗൾഫ് പണം ഒഴുകിയതോടെ കേരളത്തിന്റെ നിർമാണരീതി തന്നെ മാറി. നിർമാണത്തിൽ ധാരാളിത്തം കടന്നുവന്നു. എന്നാൽ ഇന്നും നിർമ്മാണത്തിലെ മിതത്വം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ശ്രീലങ്ക. ശ്രീലങ്കൻ ടൂറിസത്തിന്റെ പ്രധാന ആകർഷക ഘടകങ്ങളിൽ ഒന്നാണ് ട്രോപ്പിക്കൽ ആർക്കിടെക്ചർ.
കേരളത്തിലേക്കെത്തുന്നതിനേക്കാൾ ഏറെ വിദേശീയരായ സഞ്ചാരികൾ ശ്രീലങ്കയിലേക്ക് എത്തുന്നതിന്റെ പ്രധാന കാരണം പ്രകൃതിയേയും കെട്ടിടങ്ങളേയും അടക്കമുള്ള ടൂറിസം വിഭവങ്ങളെ ശ്രീലങ്ക എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്. പ്രകൃതിക്ക് വിനാശം വരുത്തുന്നവയാണ് കെട്ടിടങ്ങൾ എന്ന സ്ഥിരം പല്ലവിയെ പുറന്തള്ളി പ്രകൃതിയും കെട്ടിടങ്ങളും എങ്ങനെ അന്യോന്യം പ്രണയിച്ച് ജീവിക്കുന്നുവെന്ന് ശ്രീലങ്കൻ വാസ്തുശിൽപ്പങ്ങൾ നമ്മളെ പഠിപ്പിക്കുന്നു.നാലു ചുവരുകൾക്കുള്ളിലിരുന്നു ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കെട്ടിടരൂപകൽപ്പനയെക്കുറിച്ച് പഠിപ്പിക്കുകയും പരിതകപിക്കുകയും ചെയ്യുന്ന സ്ഥിരം ഫോർമുലകളെ മാറ്റിനിർത്തി ട്രോപ്പിക്കൽ ആർക്കിടെക്ചറിനെക്കുറിച്ച് പഠിക്കാൻ അതിന്റെ ഈറ്റില്ലമായ ശ്രീലങ്കയിലേക്ക് ടി.കെ.എം.കോളേജ് ഒഫ് എൻജിനിയറിംഗിലെ ആർക്കിടെക്ചറൽ വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും നടത്തിയ രസകരമായ യാത്രയിലൂടെ...
ആറ് ദിവസത്തെ രസകരമായ യാത്ര
കഴിഞ്ഞ മാർച്ച് 17നാണ് കോളേജിലെ 34 വിദ്യാർത്ഥികളും രണ്ടു അദ്ധ്യാപകരും അടങ്ങിയ സംഘം ആറുദിവസത്തെ യാത്രക്ക് ശ്രീലങ്കയിലേക്ക് പോകാൻ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കൊളംബോയിലെ ബണ്ടാർനായിക് എയർപോർട്ടിലേക്ക് പറന്നിറങ്ങിയത്. എയർപോർട്ടിൽ നിന്ന് താമസമൊരുക്കിയിരുന്ന നെഗോമ്പോയിലേക്കുള്ള ബസ് യാത്രയിൽ ഏറ്റവും ആകർഷകമായിരുന്നത് കേരളത്തെ അനുസ്മരിപ്പിക്കുന്ന പച്ചപ്പാണ്. നാലുപാടും പച്ചപ്പ്. ഒപ്പം മംഗ്ലൂരിയൻ അല്ലെങ്കിൽ സ്പാനിഷ് കെട്ടിടങ്ങളെ അനുസ്മരിപ്പിക്കുന്ന ഓട് പാകിയ കെട്ടിടങ്ങളും.
പ്രകൃതിയോട് ഏറെ പ്രണയത്തിലുള്ള ഒരു ജനതയും അതിനെചുറ്റിപ്പറ്റിയുള്ള വികസനങ്ങളും മാത്രമാണ് ശ്രീലങ്കയിലെമ്പാടും കാണാൻ കഴിയുക. ഭക്ഷണത്തിന് ശേഷം ആദ്യം സന്ദർശിച്ചത് ശ്രീലങ്കയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ദംബുള്ള പട്ടണമാണ്.സംരക്ഷിക്കപെട്ടിരിക്കുന്ന ഗുഹാക്ഷേത്രങ്ങളും വെറും 167 ദിവസം കൊണ്ട് നിർമ്മിച്ച രൺഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കൂടാതെ ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ റോസ് ക്വാർട്സിന്റെ നിക്ഷേപം, ഇടതൂർന്ന കാടുകൾ എന്നീ പ്രത്യേകതകളുമുണ്ട്.ഗുഹാക്ഷേത്രങ്ങൾക്ക് സമീപമുള്ള ചുടലപറമ്പുകൾ ചരിത്രാതീതകാലത്തുതന്നെ ഇവിടെ ജനങ്ങൾ അധിവസിച്ചിരുന്നു എന്നതിന് തെളിവാണ്. ശേഷം ഹോട്ടലിലേക്ക് എത്തി ആദ്യദിവസത്തെ യാത്ര അവസാനിപ്പിച്ചു.
രണ്ടാം ദിവസത്തെ യാത്ര ട്രോപ്പിക്കൽ ആർക്കിടെക്ച്ചറിന്റെ മുഖ്യപ്രചാരകനും സൂത്രധാരനുമായ ജെഫ്രി ബാവയുടെ നിർമ്മാണരൂപകൽപ്പനകൾ തേടിയുള്ളതായിരുന്നു. ഇതിൽ പ്രധാനമായിരുന്ന ദംബുള്ളയിലെ ഹെറിന്റൻസ് കണ്ടലാമ ഹോട്ടൽ. യാത്രയുടെ യഥാർത്ഥ ഊർജം കണ്ടെത്തിയ ദിവസമായിരുന്നു അത്. കെട്ടിടം കാഴ്ചയ്ക്ക് മാത്രം നന്നായാൽ പോരാ. എന്ത് ഉദ്ദേശ്യത്തോടെയാണ് നിർമിക്കുന്നത്, അതുകൊണ്ട് സമൂഹത്തിനും പ്രകൃതിക്കും എന്തു ഗുണമുണ്ടാകും എന്നൊക്കെ മനസിലാക്കിത്തന്ന സ്ഥലമാണ് പച്ചപ്പിൽ മുങ്ങിയ ഹെറിന്റൻസ് കണ്ടലാമ. ഒരു വാണിജ്യ സമുച്ചയം നിർമിക്കുമ്പോൾ അത് മുന്നിലെ റോഡിലൂടെ നടന്നുപോകുന്ന ഒരാളെ എങ്ങനെ ബാധിക്കുമെന്നു പോലും ചിന്തിക്കണം. ആർക്കിടെക്റ്റും പ്രതിഫലം നൽകുന്ന ക്ലയന്റും മാത്രമല്ല, ചിത്രത്തിലുള്ളത്. ഒരു വലിയ സമൂഹം കൂടിയുണ്ട്. സ്വയം പുതുക്കലായിരുന്നു ബാവയുടെ സവിശേഷത.
ശൈലികൾ പലവട്ടം പുതുക്കി, അദ്ദേഹം. അവയെല്ലാം ആ റിസോർട്ടിൽ ദൃശ്യമായിരുന്നു.നെൽപ്പാടങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ജെറ്റ് വിൽ വ്യാന എന്ന പുല്ലുമേഞ്ഞ കോട്ടേജുകളിലേക്കും അന്നേദിവസം യാത്ര നടത്തി.ശ്രീലങ്കയിലെ മറ്റൊരു ഹോട്ടൽ സമുച്ചയമായ കലുന്ദേവ റിട്രീറ്റും സന്ദർശിച്ച് രണ്ടാം ദിവസത്തെ യാത്ര അവസാനിപ്പിച്ചു. ജെഫ്രി ബാവയുടെ രൂപകൽപ്പനയിൽ പ്രസിദ്ധമായ ഉദ്യാനങ്ങളിലൊന്നായ ലുലുഗംഗ സന്ദർശനമായിരുന്നു മൂന്നാം ദിവസത്തെ യാത്രയിൽ പ്രധാനപ്പെട്ടത്. എന്നാൽ ചില അപ്രതീക്ഷിത കാരണങ്ങളാൽ അവിടേക്കുള്ള യാത്ര തടസപ്പെട്ടതോടെ ശ്രീലങ്കയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് കൊളംബോയിൽ നിന്നും 119 കിലോ മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു നഗരമായ ഗാലെയിലേക്കായിരുന്നു പിന്നത്തെ യാത്ര. ശ്രീലങ്കയിലെ തെക്കൻ പ്രവിശ്യയുടെയും ഗാലെ ജില്ലയുടെയും ആസ്ഥാനമാണ് ഈ നഗരം. ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്ന ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം ഈ നഗരത്തിലാണ്. ഫോർട്ട് കൊച്ചിയെ അനുസ്മരിപ്പിക്കുന്ന നഗരത്തിലെ ഗാലെ കോട്ട കാണേണ്ട കാഴ്ചകളിലൊന്നു തന്നെയാണ്.
മിതത്വത്തിന്റെ മാതൃക
തെക്കൻ ശ്രീലങ്കയിലെ ഏക സർവ്വകലാശാലയായ റുഹുന സർവ്വകലാശാലയിലേക്കായിരുന്നു നാലാം ദിവസത്തെ ആദ്യ യാത്ര.ബാവ മയമായിരുന്നു സർവകലാശാല. ലഭിക്കുന്ന സ്ഥലത്തിന്റെ 40 ശതമാനം മാത്രമേ കെട്ടിടത്തിനായി ഉപയോഗിക്കാവൂ എന്നു നിർദേശിക്കുന്ന, അനാവശ്യ നിർമാണങ്ങൾ ഒഴിവാക്കണമെന്നു വിശ്വസിക്കുന്ന ബാവ എന്ന അതുല്യനായ ആർക്കിടെക്ചറിന്റെ മികവ് സർവകലാശാലയിൽ പ്രകടമായിരുന്നു.മരങ്ങളും ചെടികളും നിറഞ്ഞ് വിനോദസഞ്ചാര കേന്ദ്രത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സർവകലാശാല. ബാവ പണികഴിപ്പിച്ച ജെറ്റ്വിംഗ് ലൈറ്റ് ഹൗസും സന്ദർശിച്ചു. ട്രോപ്പിക്കൽ മേഖലയിലെ നിർമിതികൾ എങ്ങനെയാകണം എന്ന് പറഞ്ഞുതരുന്ന ഒരു പാഠപുസ്തകമാണ് ബാവയെന്ന് ആ യാത്രബോദ്ധ്യപ്പെടുത്തി.
പുതുതലമുറയിലെ ആർക്കിടെക്ടുമാരിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ബുദ്ധമതത്തിന്റെ കടന്നുവരവോടെ നിർമാണകലയിലും ശിൽപവിദ്യയിലുമെല്ലാം പുത്തനുണർവും ചൈതന്യവുമുണ്ടായ.ബി.സി. മൂന്നാം നൂറ്റാണ്ടുമുതൽ തന്നെ ശ്രീലങ്കയിൽ ബുദ്ധമതം സജീവമാണ്. ഒതുക്കമുള്ളതും പരിപാകതയുള്ളതുമായ കെട്ടിടങ്ങൾ നിർമിക്കാനും, വിഭവങ്ങൾ ധൂർത്തടിക്കാതെ പരസ്പരം പങ്കുവയ്ക്കാനും, ഒന്നും സ്ഥായിയല്ല എന്ന് തിരിച്ചറിഞ്ഞ് പ്രകൃതിയുമായി മറയില്ലാതെ ഇടപഴകാനുമെല്ലാം ശീലിപ്പിച്ചത് ബുദ്ധമതമാണ്. കേവലം ആശയങ്ങളിൽ നിന്ന് രൂപപ്പെട്ടതല്ല ഇവയൊന്നും. ആഴമേറിയ ദർശനങ്ങളാണ് ഊർജസ്രോതസ്. ശ്രീലങ്കൻ നിർമാണകലയ്ക്ക് അതിന്റേതായ തനിമയുണ്ടെങ്കിൽ അതിന്റെ കാരണവും മറ്റൊന്നല്ല.
ബാവയുടെ വീട്ടിലേക്കുള്ള വഴി
അഞ്ചാംദിവസത്തെ ആദ്യയാത്ര എസ്.ഒ.എസ്. ചിൽഡ്രൻസ് വില്ലേജിലേക്കായിരുന്നു. ആർക്കിടെക്റ്റ് അഞ്ചലേന്ദ്രൻ രൂപകൽപ്പന ചെയ്ത ഒരു അനാഥാലയം. ഉറ്റവരില്ലാത്ത കുഞ്ഞുങ്ങൾക്ക് ഇവിടെ പുതുജീവിതം ഒരുക്കും. ഒരു അമ്മയ്ക്ക് പത്ത് കുട്ടികൾ എന്ന കണക്കിൽ. അമ്മമാരാകട്ടെ വിധവകളോ വിവാഹമോചിതരോ ആകും.ശേഷം ബാവ രൂപ കൽപ്പന ചെയ്ത ബ്ലൂവാട്ടർ സന്ദർശിച്ചു. ഒപ്പം ശ്രീലങ്കൻ പാർലമെന്റും. പാർലമെന്റിന്റെ ഉൾഭാഗം ബ്രൗണും ഓറഞ്ചും വർണ്ണങ്ങളാൽ സുന്ദരമായിരുന്നു. ബാവ ജീവിച്ച വീടുകളായിരുന്നു അവസാനത്തെ ദിവസത്തെ പ്രധാന ആകർഷണങ്ങൾ. കൊളംബോ നഗരത്തിന്റെ മദ്ധ്യത്തായി സുന്ദരമായി സൂക്ഷിച്ചിരിക്കുന്ന രണ്ട് വീടുകൾ.നിർമാണകലയുടെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ അസ്തിത്വവും ഊറിനിൽക്കുന്നവയായിരുന്നു വീടുകൾ. സ്ഥലവിനിയോഗം, ഡിസൈൻ, നിർമാണവസ്തുക്കൾ എന്നിവയിലെല്ലാം പ്രകടമായിരുന്നു ലാളിത്യം. ഈ യാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ചത് കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നപ്രകൃതി സൗഹൃദരൂപകൽപ്പനയ്ക്ക് വേണ്ട വിവിധ ഉപകരണങ്ങൾ വികസിപ്പിക്കുന്ന എംകോൺ എന്ന സ്ഥാപനമാണ്.
(ലേഖകർ കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിദ്യാർത്ഥികളാണ്)