വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് നീന്തി നടക്കുന്ന ഒരു താറാവാണ് ഫെറുജിനസ് ഡക്ക് എന്ന വെള്ളക്കണ്ണി എരണ്ട. നല്ല ചെസ്റ്റ് നട്ട് ബ്രൗൺ കളർ. ആണിന്റെ തലയും മുഖവും നെഞ്ചും വശങ്ങളും ഒക്കെ കറുവപ്പട്ടയുടെ നിറം പോലെ തിളങ്ങുന്ന ചുവന്ന ബ്രൗൺ കളർ. ചിറകുകൾ കാപ്പിപ്പൊടി കളർ. നെഞ്ചിന് താഴോട്ട് വെളുപ്പാണ്. വാലിന്റെയും ചിറകുകളുടെയും അടിഭാഗം വെളുത്തിട്ടാണ്. മഞ്ഞ കണ്ണുകളാണ്. പലപ്പോഴും വെള്ളയായി തോന്നും. ആണിനെ അപേക്ഷിച്ച് പെണ്ണിന് കുറെ കൂടെ ഇരുണ്ട ബ്രൗൺ നിറമാണ്. ഇരുണ്ട കണ്ണുകളും.
തണുത്തുറഞ്ഞ യൂറോപ്പ്യൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ശൈത്യകാലത്ത് ദേശാടനം നടത്തുന്നവരിൽ പെടുന്നവരാണ് ഇക്കൂട്ടർ. ഇന്ത്യയിൽ ആഴം കുറഞ്ഞ ശുദ്ധജലതടാകങ്ങളിൽ ഇവരെ കാണാം. ചിലപ്പോൾ ഉപ്പു വെള്ളം കലർന്ന പൊഴികളിലോ, കായൽത്തടങ്ങളിലോ തടാകങ്ങളിലോ ഒക്കെ കാണാം. കൂടുതലും ജലസസ്യങ്ങൾ നിറഞ്ഞ ജലാശയങ്ങളാണ് ഇവർക്കിഷ്ടം. ഇപ്പോഴും വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് ഇരപിടിക്കുന്നത് കാണാം. ജലസസ്യങ്ങളും ചെറുജലജീവികളുമൊക്കെ ആഹാരം. ഇവർ രാത്രിയും ഇര തേടാറുണ്ട്.
ദേശാടന സമയത്ത് കൂട്ടമായി ചേരാറുണ്ടെങ്കിലും അല്ലാത്തപ്പോൾ തനിയെ ആണ് മിക്കവാറും ഇവരെ കാണുക. ജനുവരി മുതൽ ഇണകളായി നടന്ന് ഏപ്രിൽ മെയ് ഒക്കെ ആവുമ്പോൾ കൂടു കൂട്ടുകയാണ് പതിവ്. വെള്ളത്തിനടുത്തു തന്നെ കൂടുണ്ടാക്കും. മിക്കവാറും വെള്ളത്തിൽ പൊന്തിക്കിടക്കുന്ന കൂടുകൾ ആവും. മിക്കവാറും രണ്ടിൽ കൂടുതൽ മുട്ടകളുണ്ടാവാറുണ്ട്.ഏതാണ്ട് ഒരു മാസത്തോളം എടുത്തു വിരിയുന്ന മുട്ടകൾ വീണ്ടും പൂർണവളർച്ചയുള്ള കുഞ്ഞുങ്ങളാകാൻ 50- 55 ദിവസങ്ങൾ കൂടി വേണ്ടി വരും.
ശുദ്ധജല തടാകങ്ങൾ മാലിന്യം വീണോ, അല്ലാതെയുള്ള കയ്യേറ്റം കൊണ്ട് നശിച്ചു പോകുന്നതോ ഒക്കെ ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യമാണ്. കൂടാതെ ആഗോളതാപനം മൂലം തടാകങ്ങൾ വറ്റി വരണ്ട് പോകുന്നതോ, തടാകങ്ങളിലുള്ള അമിതമായ മീൻപിടുത്തമോ ഒക്കെ കാരണങ്ങളാകുന്നുണ്ട്. ആഫ്രിക്കൻ യൂറേഷ്യൻ സംരക്ഷിത ദേശാടനപക്ഷികളുടെ വിഭാഗത്തിൽ ഇവയും ഉൾപെട്ടിട്ടുണ്ട്. നിലവിൽ വംശനാശ ഭീഷണി നേരിടുന്ന ഒരിനം.