കാലാവസ്ഥ പ്രവചിക്കാം. ജാതകഫലവും പ്രവചിക്കാം. ഇതിലെ ശരിയും തെറ്റും അനുഭവിക്കുന്നവർക്കേ നിർണയിക്കാനാകൂ, പക്ഷേ, ഒരു പ്രവചനങ്ങൾക്കും വഴങ്ങാത്തതാണ് ജീവിതം. ഇപ്പോൾ നിൽക്കുന്നിടത്തു നിന്ന് 25 വർഷം പിന്നിലോട്ടോ മുന്നിലോട്ടോ നോക്കിയാൽ നാം അതിശയിച്ചു പോകും. അപ്പോഴത്തെ ഒരു ഫോട്ടോയോ വസ്ത്രമോ എന്തിന് കൈയക്ഷരമോ പോലും അമ്പരപ്പിക്കും.
സുനിലിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. മകളുടെ വിവാഹച്ചടങ്ങിൽ സുനിലിന്റെ പെരുമാറ്റവും സംസാരവും അത്തരത്തിലായിരുന്നു. സദസിന്റെ മുന്നിൽ പഴയ എസ്.ഐ മുരളീധരനും ഉണ്ടായിരുന്നു. 25 വർഷം മുമ്പ് രക്തത്തിളപ്പിന്റെ മദ്ധ്യാഹ്നത്തിലായിരുന്നു സുനിൽ. ഫയൽവാനെപ്പോലുള്ള ശരീരം. ഉറച്ച മനസ്. നാക്കിന്റെ വീര്യത്തിനും കുറവില്ല. അനാവശ്യമായി സമ്പാദിച്ചുകൂട്ടിയ ശത്രുക്കളുടെ എണ്ണവും കൂടുതൽ. സുനിലിനെ ഏതു രീതിയിലും ഒതുക്കണമെന്ന വാശി പലർക്കുമുണ്ടായിരുന്നു. ആയിടയ്ക്ക് സ്ഥലം മാറി വന്ന എസ്.ഐ മുരളിയോട് പലരും അവതരിപ്പിച്ച സുനിലിന്റെ ചിത്രം സമൂഹത്തിന് ഭീഷണി എന്ന നിലയ്ക്കായിരുന്നു. ആ സമയത്ത് ഇറച്ചിക്കച്ചവടവും സുനിലിനുണ്ടായിരുന്നു. ഒരു വെളുപ്പാൻകാലത്ത് ഇറച്ചിക്കത്തിയും അരയിൽ തൂക്കി ചായക്കടയ്ക്കുമുന്നിൽ നിൽക്കുമ്പോഴായിരുന്നു എസ്.ഐയുടെ വരവ്. സുനിലിന്റെ വേഷവും ഭാവവും അദ്ദേഹത്തിന് അത്ര രുചിച്ചില്ല.
രൂക്ഷമായി ഒന്നു നോക്കി. സാധാരണ വേഷത്തിൽ നിൽക്കുന്ന എസ്.ഐയെ സുനിലിന് മനസിലായില്ല. തിരിച്ചും രൂക്ഷമായി നോക്കി. കളരിമുറകൾ വശമുള്ള എസ്.ഐ സുനിലിനെ പലരീതിയിൽ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റവും കൈയ്യേറ്റവുമായി. ഇതിനിടയിൽ എസ്.ഐയാണെന്ന് ആരോ വിളിച്ചു പറഞ്ഞപ്പോൾ വിരണ്ടുപോയ സുനിൽ ഓടിരക്ഷപ്പെട്ടു. ഒരു വക്കീലുമായി നഗരത്തിൽ സംസാരിക്കാനെത്തിയ വിവരം ലഭിച്ചതിനെത്തുടർന്ന് എസ്.ഐ വേഷം മാറിയെത്തിയെങ്കിലും സുനിൽ ഇറങ്ങിയോടി. പക്ഷേ നിമിഷങ്ങൾക്കകം പൊലീസ് സേന ഉണർന്നു. സുനിൽ പിടിയിലായി.
ലോക്കപ്പിൽ വച്ച് മർദ്ദിച്ചവശനാക്കിയ ശേഷം കൈകൾ പിന്നിൽ കെട്ടി ചൂരൽ കൊണ്ടടിച്ച് രണ്ടുകിലോമീാറ്റർ നടത്തിച്ചു. പിന്നാലെ പൊലീസ് ജീപ്പും. അതിശയക്കാഴ്ച പോലെ നാട്ടുകാർ നോക്കിനിന്നു. ഒരു എതിർശബ്ദം പോലും ഉയർന്നില്ല. ഒരു രാഷ്ട്രീകക്ഷിയും തടഞ്ഞില്ല. അസ്ഥികൾ ദ്രവിക്കാൻ പൊലീസ് പഞ്ചസാരകലക്കി കുടിപ്പിച്ചു. സുനിലിന്റെ തിരിച്ചുവരവ് അസാദ്ധ്യമാണെന്ന് പലരും വിധിയെഴുതി. രക്തത്തിളപ്പിന്റെ ഒരുകാലം അവിടെ അവസാനിക്കുന്നു. സുനിലിന്റെ നിരപരാധിത്വം എസ്.ഐയ്ക്ക് മനസിലായി. തന്നെ തെറ്റിദ്ധരിപ്പിച്ചതും യൂണിഫോമില്ലാതെ പിടികൂടാൻ ശ്രമിച്ചതാണ് കുഴപ്പമായതെന്നും മനസിലായി.എല്ലാം വൈകിപ്പോയി. ഇതിനിടയിൽ എസ്.ഐയ്ക്ക് സ്ഥലം മാറ്റവുമായി.
നാലുവർഷത്തോളം സുനിലിനെ സംബന്ധിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ദൂരെയെവിടെയോ പോയി ഒരു സിദ്ധനെ കണ്ടെന്നും ഭക്തിമാർഗത്തിലാണെന്നും പ്രകൃതി ചികിത്സയിലാണെന്നുമൊക്കെ നാട്ടുകാർ അടക്കം പറഞ്ഞു. എന്തായാലും ഭാര്യയും നാലുവയസ്സുള്ള മകളുമായി നാട്ടിലേക്ക് സുനിലെത്തിയത് ജീവിക്കാൻ വേണ്ടിയായിരുന്നു. പഴയ ദുഷ് പേരുമാറ്റി അദ്ധ്വാനത്തിന്റെ വഴികൾ തേടി. ഇതിനിടയിൽ ഒരു വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട പഴയ എസ്.ഐയെ ആശുപത്രിയിൽ അന്വേഷിച്ചു പോകുകയും ചെയ്തു. എസ്.ഐയുടെ അവസ്ഥ കണ്ട് സുനിൽ ഗദ്ഗദകണ്ഠനായെന്നും നാട്ടിൽ കഥ പരന്നു.
ഒരു ദിവസത്തിൽ പകുതി ഇരുട്ടും പാതി വെളിച്ചവുമാണ്. താൻ ഇരുട്ട് പിന്നിട്ട് വെളിച്ചത്തിൽ വന്നിരിക്കുകയാണ്. ഇനിയൊരിക്കലും ഇരുട്ടിലേക്കില്ല. സുനിൽ പലരോടും ഇത്തരത്തിൽ പറയാറുണ്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം വിവാഹവേദിയിൽ സുനിൽ കൈകൂപ്പി നിന്നത് ശരിക്കും ആദരവോടെയായിരുന്നു. മകൾ പഴയ എസ്.ഐ മുരളിയെ തൊഴാനെത്തിയപ്പോൾ പലരും കാലത്തിന്റെ പ്രച്ഛന്ന വേഷങ്ങളോർത്തുപോയി. മുരളി കണ്ണുകൾ തുടച്ചു. മറ്റാരും കാണാതെ സുനിലും തന്ത്രപൂർവ്വം കണ്ണുകൾ തുടച്ചു.
(ഫോൺ : 9946108220)