അൻപതു വർഷം മുൻപ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ.നാടക നടൻ കോഴിക്കോട് നാരായണൻ നായർ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോകുകയാണ്. യാത്ര അയയ്ക്കാൻ സഹപ്രവർത്തകരെല്ലാം എത്തിയിട്ടുണ്ട്.ആഹ്വാ സെബാസ്റ്റ്യനും കൂട്ടരുമായിരുന്നു സംഘാടകർ. ' ആഭിജാത്യത്ത"ൽ ആരംഭിച്ച സിനിമായാത്ര മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ എത്തിനിൽക്കുമ്പോൾ കോഴിക്കോട് നാരായണൻ നായരുടെ അഭിനയ ജീവിതത്തിന് അൻപതുവർഷം എന്ന് കാലം എഴുതി ചേർക്കുന്നു.വെള്ളിത്തിരയിലെ പോലെ ആഢ്യത്വമുള്ള സംസാര രീതിയിൽ തന്നെ തുടങ്ങി .
നാടകം വഴി അഭിനയം
അഞ്ചുപതിറ്റാണ്ടായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആഭിജാത്യത്തിൽ ഇന്നലെ അഭിനയിക്കാൻ പോയതു പോലെ തോന്നും. ഇത്രയൊന്നും ആഗ്രഹിച്ചില്ല എന്നതാണ് സത്യം. ഇപ്പോഴും അഭിനയരംഗത്ത് സജീവമായി നിൽക്കാൻ കഴിയുന്നു. ഗോവിന്ദപുരം എൽ. പി സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം തുള്ളൽ സ്റ്റേജിൽ അവതരിപ്പിച്ചാണ് തുടക്കം. സ്കൂൾ വാർഷികാഘോഷത്തിനാണ് അവതരിപ്പിച്ചത്. സ്കൂൾ നാടകങ്ങളിൽ മുതിർന്ന കുട്ടികൾ അഭിനയിക്കുന്നതു കണ്ടപ്പോൾ അത് മറ്റൊരു മോഹമായി. പിന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഹൈസ്കൂൾ പഠനകാലത്തും നാടകകമ്പം തലയിലുണ്ട്. കോഴിക്കോട്ട് നാടകങ്ങളുടെ സുവർണ കാലമായിരുന്നു. ചാലപ്പുറം കലാസമിതിയുടെ നാടകങ്ങളിൽ അഭിനയിച്ച് അമച്വർ നാടക രംഗത്തേക്ക് വന്നു. പിന്നെ യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാഡമി, എക്സ്പിരിമെന്റൽ ആർട്സ് എന്നിവയിലെത്തി.
ബാലൻ കെ. നായരും കുഞ്ഞാണ്ടിയും
അന്ന് കുതിരവട്ടം ദേശപോഷിണി വായനശാല കേന്ദ്രീകരിച്ചായിരുന്നു നാടക പ്രവർത്തനങ്ങളേറെയും. ബാലൻ. കെ.നായർ, കുഞ്ഞാണ്ടി, കോഴിക്കോട് അബ്ദുൾ ഖാദർ, നെല്ലിക്കോട് ഭാസ്കരൻ, വാസുപ്രദീപ് എന്നിവരൊക്കെയായിരുന്നു പ്രധാന നടന്മാർ. ഇവരുടെ സമകാലികനായി ഞാൻ. വാസുപ്രദീപിന്റെ പ്രദീപ് ആർട്സിലും സുഭാഷ് തിയറ്റേഴ്സിലുമായി പിന്നീട്. ഇവിടെനിന്നാണ് വിക്രമൻ നായരുടെ 'സ്റ്റേജ് ഇന്ത്യ" യിൽ എത്തുന്നത്. പ്രൊഫഷനൽ നാടക ട്രൂപ്പ്. പത്തുവർഷം സ്റ്റേജ് ഇന്ത്യയിൽ. കെ.ടി. മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാത്കാരം തുടങ്ങിയ നാടകങ്ങളൊക്കെ സ്റ്റേജ് ഇന്ത്യയാണ് അരങ്ങിലെത്തിച്ചത്. അന്ന് ഞാൻ സിലോൺ പ്രിന്റേഴ്സിൽ ജീവനക്കാരനായിരുന്നു. പിന്നീട് മരിക്കാർ എൻജിനിയറിംഗിൽ മാനേജരായി. പതിനഞ്ച് വർഷം അവിടെ ജോലി ചെയ്തു. തുടർന്ന് ഹിന്ദു സ്ഥാൻ എൻജിനിയറിംഗ് കമ്പനിയിൽ എത്തി. നാടകം വരുമ്പോൾ ഇടയ്ക്ക് ജോലിക്ക് പോവാൻ കഴിയില്ല. രണ്ടും ഉപേക്ഷിക്കാനും കഴിയില്ല
വഴികാട്ടിയായ വല്യമ്മാവൻ
നാടകത്തിൽ അഭിനയിക്കുമ്പോഴും സിനിമയിൽ ഒരു വേഷം കിട്ടിയാൽ നന്നായിരുന്നെന്ന് ആഗ്രഹിച്ചു. ദേശപോഷിണി നാടകങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റ് രാഘവന് തന്റെ സുഹൃത്തായ നാരായണൻ നായരുടെ സിനിമാമോഹം അറിയാം. കോഴിക്കോട് എവിടെയെങ്കിലും സിനിമാ ഷൂട്ടിംഗ് ഉണ്ടെങ്കിൽ പ്രധാനമേക്കപ്പുമാനെ സഹായിക്കാൻ രാഘവനെ വിളിക്കും.സംവിധായകൻ ആർ.എസ്. പ്രഭുവിന്റെ സിനിമയിൽ ഒരു റോളിലേക്ക് രാഘവൻ കൂട്ടുകാരന്റെ പേര് നിർദേശിച്ചു. വർഷം 1970. സിനിമ ആഭിജാത്യം. മധുവും ശാരദയുമായിരുന്നു പ്രധാന താരങ്ങൾ. ശാരദയുടെ അനുജത്തിയുടെ ഭർത്താവായാണ് അഭിനയിച്ചത്. ചെറിയ വേഷമായതിനാൽ അധികമാരും ശ്രദ്ധിച്ചില്ല. എങ്കിലും സിനിമയിലുള്ളവർക്ക് അറിയാമായിരുന്നു. അതു കൊണ്ടു തന്നെ പിന്നീട് ചെറിയ വേഷങ്ങൾ കിട്ടി. അന്ന് മദ്രാസിലായിരുന്നു സിനിമാ പ്രവർത്തനം. നല്ല വേഷം ലഭിക്കണമെങ്കിൽ അവിടെ പോയി സ്ഥിരതാമസമാക്കണം. സിനിമ സ്ഥിരമായ ജോലിയല്ലാത്തതിനാൽ അതിന് കഴിയില്ല.അതിനാൽ വന്നു ചേർന്ന വേഷങ്ങൾ സ്വീകരിച്ചു. ഉത്തരായനം, നിർമാല്യം, കൊച്ചു തെമ്മാടി, ഒളിയമ്പുകൾ, ഭരതം, ആവനാഴി, സദയം, എന്റെ ശ്രീക്കുട്ടിക്ക്, പെരുന്തച്ചൻ, മിഥുനം തുടങ്ങി നിരവധി സിനിമകൾ.എന്നാൽ ശ്രദ്ധേയമായത് വാത്സല്യത്തിലെ വല്യമ്മാമയുടെ വേഷമായിരുന്നു.അപ്പോഴാണ് കോഴിക്കോട് നാരായണൻ നായർ എന്നൊരു നടൻ സിനിമയിലുണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്.
കൂട്ടായ്മയുടെ കാലം
അങ്ങോട്ട് പോയി ആരോടും ചാൻസ് ചോദിച്ചില്ല.ഐ. വി. ശശി കലാസംവിധായകനായി പ്രവർത്തിക്കുമ്പോൾ എന്റെ ഒരു ഫോട്ടോ വാങ്ങി പോയി. ശശി പിന്നീട് പ്രശസ്തനായ സംവിധായകനായി. എന്നാൽ എനിക്ക് അനുയോജ്യമായ വേഷങ്ങൾ ശശിയുടെ സിനിമയിൽ വന്നത് അനുഭൂതി, ശ്രദ്ധ തുടങ്ങി അപൂർവം ചിത്രങ്ങളിൽ മാത്രം. രഞ്ജിത്തിന്റെ സിനിമയിലും നല്ല കഥാപാത്രങ്ങൾ ലഭിച്ചു. ബാലൻ കെ. നായർക്ക് വൈ.എം.സി. എ ക്രോസ് റോഡിൽ ഒരു വർക്ക് ഷോപ്പുണ്ടായിരുന്നു. അതിനടുത്ത് തന്നെ ഒരു ഒാഫീസും. ഇവിടെയായിരുന്നു നാടകപ്രവർത്തകരുടെ കേന്ദ്രം. ടി. ദാമോദരനെയും മറ്റും പരിചയപ്പെടുന്നത് അവിടെ വച്ചാണ്. ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങൾ" എന്ന നാടകം ഉണ്ടാവുന്നത് ഇക്കാലത്താണ്.
തിക്കോടിയൻ എഴുതി ജി. അരവിന്ദൻ സംവിധാനം ചെയ്ത നാടകത്തിൽ അഭിനയിച്ചതാണ് ഒരു പ്രധാന സംഭവം. അതൊരു കാലമായിരുന്നു. ഉൾവലിഞ്ഞുള്ള നടപ്പ് പണ്ടേയുള്ള ശീലമാണ്. ഇനി മാറ്റാൻ കഴിയില്ല. ഇപ്പോഴും സിനിമയിൽ അഭിനയിക്കാൻ കഴിയുന്നത് മഹാഭാഗ്യമായി കരുതുന്നു. വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. രാവിലെ പതിവു നടത്തമുണ്ട്. പ്രൊഫഷണൽ നാടകരംഗത്ത് തിരക്കേറിയതിനാൽ തുടക്കക്കാലത്ത് സിനിമയിൽ സജീവമാവാൻ സാധിച്ചില്ല. മിക്ക ദിവസവും നാടകങ്ങളുണ്ടാവും. അപ്പോഴേക്കും കുതിരവട്ടം പപ്പുവും നെല്ലിക്കോട് ഭാസ്കരനും കുഞ്ഞാണ്ടിയേട്ടനും സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. ഭാര്യ ശാരദ വലിയ പിന്തുണയായിരുന്നു. മകൻ സുഹാസിന് കോഴിക്കോട് ടാറ്റ സ്റ്റീൽ കമ്പനിയിൽ സെയിൽസ് വിഭാഗത്തിലാണ് ജോലി. മരുമകൾ ഷൈമ അദ്ധ്യാപിക. മകൾ സുചിത്ര. മരുമകൻ സോമൻ ദുബായിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥൻ. അമലും ആർദ്ര ലക്ഷ്മിയും ചെറുമക്കൾ.